Connect with us

Wayanad

ആധാര്‍ബന്ധിത ബേങ്ക് അക്കൗണ്ട് : വയനാടിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം

Published

|

Last Updated

കല്‍പറ്റ: പാചക വാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ഉപഭോക്താവിന് ലഭ്യമാക്കുന്നതിന് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ വയനാട് ജില്ല ദേശീയതലത്തില്‍ ഒന്നാംസ്ഥാനം നേടി. ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അറിയിച്ചതാണിത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ 41 ജില്ലകളില്‍ നടപ്പാക്കിയപ്പോഴാണ് വയനാട് ഒന്നാംസ്ഥാനം നേടിയത്. ജില്ലയില്‍ ആകെയുള്ള 1,44,341 പാചക വാതക ഉപഭോക്താക്കളില്‍ 1,14,384 പേരും ബാങ്കുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളതായി ജില്ലാ ലീഡ്ബാങ്ക് ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രന്‍ അറിയിച്ചു. അവശേഷിക്കുന്നവരുടെ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
സ്വയംതൊഴില്‍ ഉള്‍പ്പെടെയുള്ള ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം ബാങ്ക് മാനേജര്‍മാര്‍ സ്വീകരിക്കരുതെന്നും കാര്‍ഷികമേഖല പ്രതിസന്ധിയിലായതിനാല്‍ ഇവര്‍ക്കാവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ആറ് സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ റിസര്‍വ്വ് ബാങ്ക് അസി ജനറല്‍ മാനേജര്‍ രവീന്ദ്രന്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള ഏത് സംശയങ്ങള്‍ക്കും ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
പാചക വാതക സബ്‌സിഡി, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിനായി തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധിക്കരുതെന്ന് ബാങ്ക്മാനേജര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ആധാര്‍ കാര്‍ഡില്‍ കൃത്യമായ വിലാസമുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മറ്റ് രേഖകള്‍ ആവശ്യമില്ല. ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഉപഭോക്താവിനെ ആരും പരിചയപ്പെടുത്തേണ്ടതുമില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന വായ്പ അപേക്ഷകളില്‍ നിശ്ചിത സമയപരിധിക്കകം തീര്‍പ്പുകല്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. റിസര്‍വ്വ് ബാങ്കിന്റെ നിലവിലുള്ള നിര്‍ദ്ദേശ പ്രകാരം വായ്പ അപേക്ഷകള്‍ക്ക് ബാങ്കില്‍ നിന്നും നിര്‍ബന്ധമായും രസീത് നല്‍കണം. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കാന്‍ കഴിയുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന് നടപടിയെടുക്കണം.
ഹ്രസ്വകാല വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനാല്‍ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. ഇവര്‍ക്ക് എ.ടി.എം. കാര്‍ഡുകളും നല്‍കുമെന്നതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം തുക പിന്‍വലിച്ചാല്‍ മതിയാകും. ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും പദ്ധതിയിലൂടെ ഏറെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍വ്വീസ് ഏരിയ നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏത് ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ലക്ഷ്യത്തിന്റെ 14 ശതമാനമാണ് വായ്പ നല്‍കിയത്. ഇത് ഉയര്‍ത്തുന്നതിന് അധികാരികള്‍ ശ്രദ്ധിക്കണം. എ ഡി.എം. എന്‍ ടി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവകി, കനറാ ബാങ്ക് എ ജി എം സൗന്ദര്‍രാജന്‍, നബാര്‍ഡ് ഡി.ഡി.എം എന്‍ എസ് സജികുമാര്‍, ലീഡ്ബാങ്ക് മാനേജര്‍ കെ ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.