Connect with us

Kannur

തീരദേശ മത്സ്യക്കച്ചവടക്കാര്‍ പണിമുടക്കി

Published

|

Last Updated

കണ്ണൂര്‍: ആയിക്കരയിലെ മത്സ്യമാര്‍ക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി മത്സ്യ വ്യാപാരികളെ ഒഴിപ്പിച്ച നഗരസഭ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഓള്‍ കേരളാ ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മീഷന്‍ എജന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തീരദേശ മത്സ്യക്കച്ചവടക്കാര്‍ സൂചന പണിമുടക്ക് നടത്തി.
ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ആയിക്കര, തലശ്ശേരി എന്നിവിടങ്ങളിലടക്കമുള്ള മാര്‍ക്കറ്റുകളിലെ മത്സ്യവ്യാപാരം സ്തംഭിച്ചു. 560 കീലോമീറ്റര്‍ നീണ്ടു കിടക്കുന്ന കേരളത്തിലെ തീരദേശത്തെ 226 മത്സ്യഗ്രാമങ്ങളിലാണ് പണിമുടക്ക് നടന്നത്. എന്നാല്‍ കണ്ണൂരൊഴികെ മറ്റിടങ്ങളില്‍ ഭാഗിക പ്രതികരണം മാത്രമാണുണ്ടായത്. പണിമുടക്കിയ മത്സ്യവ്യാപാരികളും തൊഴിലാളികളും ചേര്‍ന്നു കണ്ണൂര്‍ നഗരസഭാ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ആയിക്കരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റിയ ശേഷം നഗരസഭാ ഓഫീസിന് മുന്‍വശം സമാപിച്ചു. തുടര്‍ന്ന് സമരക്കാര്‍ നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, വൈസ് ചെയര്‍മാന്‍ ടി ഒ മാഹനന്‍ എന്നിവരുടെ കോലം കത്തിച്ചു. ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മീഷന്‍ എജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ തലശ്ശേരി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ജനാര്‍ദനന്‍, ജബ്ബാര്‍, ഷംസുദ്ദീന്‍ മൗലവി, ടി മഷൂദ്, കെ പി സി ഹാഷിം, പി കെ ജബ്ബാര്‍, ഹമീദ് ഇരിണാവ്, ഷുക്കൂര്‍ പ്രസംഗിച്ചു. ഭരണാധികാരികളുടെ തെറ്റായ നടപടിക്കെതിരെയാണു പണിമുടക്കെന്നും നേതാക്കള്‍ പറഞ്ഞു. സൂചനാ പണിമുടക്കിനു ശേഷവും ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച രാത്രിയുണ്ടായ അനിഷ്ടസംഭവത്തില്‍ അസോസിയേഷന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Latest