Connect with us

Malappuram

മഞ്ചേരിയില്‍ കവര്‍ച്ചയും പിടിച്ചുപറിയും പെരുകുന്നു; തുമ്പ് ലഭിക്കാതെ പോലീസ്

Published

|

Last Updated

മഞ്ചേരി: കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഒരു ഡസനിലേറെ മോഷണങ്ങളും കവര്‍ച്ചകളുമാണ് മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അരങ്ങേറിയത്. ഒന്നിനും തുമ്പ് കണ്ടെത്താന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. മെയ് 31ന് കാരക്കുന്ന് സ്റ്റുഡിയോ കുത്തിത്തുറന്ന് ക്യാമറ, കമ്പ്യൂട്ടര്‍ എന്നിവ കവര്‍ന്നു.
ജൂണ്‍ ആദ്യവാരം ഇരുമ്പുഴി വടക്കുമിറിയില്‍ ഗൃഹനാഥനെ പൂട്ടിയിട്ട് ഭവന ഭേദനം നടത്തി 16.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, ജൂലൈ 19ന് രാത്രി ആനക്കയം വൈദ്യുതി സെക്ഷന്‍ ഓഫീസിലെ പണമടങ്ങിയ ഷെല്‍ഫ്, ഓഗസ്റ്റ് അവസാനം മഞ്ചേരി കോവലികംകുണ്ടിലെ വീട്ടില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണാഭരണം എന്നിവ കവര്‍ന്നു. ആഗസ്റ്റ് രണ്ടിന് ജനറല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് മോഷണം പോയി. പൂക്കോട്ടൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഹീറോഹോണ്ട അടിച്ചുമാറ്റി. മഞ്ചേരി ഫര്‍ണിച്ചര്‍ കടക്കു സമീപം നിര്‍ത്തിയിട്ട ഓട്ടോ ഗുഡ്‌സ് മോഷണം പോയി.
സെപ്തംബര്‍ 13ന് തൃക്കലങ്ങോട് മരത്താണിയില്‍ വീട് കുത്തിത്തുറന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തി. നറുകര ജി എല്‍ പി സ്‌കൂള്‍ കുത്തിത്തുറന്ന് രണ്ട് ലാപ്‌ടോപ്പുകള്‍ കവര്‍ന്നു. നഗരത്തിലെ ബേക്കറി കുത്തിത്തുറന്ന് 70,000 രൂപ കവര്‍ന്ന സംഭവം, വള്ളുവമ്പ്രത്ത് കഴിഞ്ഞ ദിവസം കടയില്‍ കയറി അര ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതെല്ലാം സി സി ടി വിയില്‍ ദൃശ്യങ്ങള്‍ പകര്‍ന്നതാണ്. മഞ്ചേരി തുറക്കല്‍ വാഹന ഡീലര്‍ ഓഫീസില്‍ സി സി ടി വി ഓഫാക്കി 90,000 രൂപ കവര്‍ന്ന് ഏറ്റവുമൊടുവില്‍ പുല്‍പ്പറ്റ വളമംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രമ്ട് കുട്ടികളുടെ പാദസരം, മാല എന്നിവ പിടിച്ചപറിച്ചു. മൂന്നര പവനാണ് നഷ്ടപ്പെട്ടത്. ബൈക്കിലെത്തിയ കവര്‍ച്ചക്കാര്‍ കുട്ടികള്‍ക്ക് മിഠായി നല്‍കിയാണ് ആഭരണം കവര്‍ന്നത്.
സ്വര്‍ണാഭരണങ്ങള്‍ പണമടങ്ങിയ ഷെല്‍ഫുകള്‍, ക്യാമറ, ലാപ്‌ടോപ്പ്, മൊബൈ ല്‍ ഫോണ്‍, വാഹനങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള എന്തും കവര്‍ച്ച ചെയ്യപ്പെടുന്നത് പതിവ് സംഭവമായതിനാല്‍ ജനം ആശങ്കാകുലരാണ്. സെപ്തംബര്‍ അഞ്ചിന് ജനറല്‍ ആശുപത്രിയില്‍ ഒ പി ഹാളില്‍ സ്ത്രീ കളും കുട്ടികളും വരി നില്‍ക്കുന്നതിനിടയില്‍ ആഭരണം കവരാന്‍ ശ്രമിച്ച രണ്ട് അന്യസംസ്ഥാനക്കാരായ യുവതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പരാതിക്കാരില്ലെന്ന് പറഞ്ഞ് പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. മോഷ്ടാക്കളുടെ ചിത്രം സി സി ടി വിയില്‍ പകര്‍ന്നിട്ടു പോലും കുറ്റവാളികളെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. അതേ സമയം നൈറ്റ് പട്രോളിംഗിനും മറ്റും മതിയായ പോലീസ് ഇല്ലെന്നും കവര്‍ച്ചക്കാരെ അന്വേഷിച്ച് പിന്തുടര്‍ന്ന് കണ്ടെത്താന്‍ സഹായിച്ചിരുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ നിലവിലില്ലെന്നുമുള്ള സ്ഥിരം മറുപടിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്.

Latest