Connect with us

Gulf

സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വിസ ഓണ്‍ അറൈവല്‍ ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് രാജീവ് ശുക്ല

Published

|

Last Updated

ദുബൈ: ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യു എ ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് കേന്ദ്ര ആസൂത്രണകാര്യ മന്ത്രി രാജീവ് ശുക്ല. ഒരു ഗള്‍ഫ് ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ഇന്ത്യന്‍ സന്ദര്‍ശന വിസക്കായി അപേക്ഷിക്കുന്ന സ്വദേശികള്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ കാരണം ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആശ്വാസജനകമായ വാര്‍ത്ത വന്നിരിക്കുന്നത്. “കൂടുതല്‍ യു എ ഇ പൗരന്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി വിസ സംബന്ധമായ പ്രവൃത്തികള്‍ കൂടുതല്‍ എളുപ്പമാക്കേണ്ടതുണ്ട്”- രാജീവ് ശുക്ല വ്യക്തമാക്കി.
പറ്റുന്നതും വേഗം വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ വിസ ലഭിക്കാവുന്ന അവസ്ഥയില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
യു എ ഇ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 40 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അധികം വൈകാതെ ഇത് നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ലോകസഭ ചേരേണ്ടുന്നതു പോലുള്ള പ്രക്രിയകള്‍ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള കാര്യങ്ങള്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.