Connect with us

Gulf

ഭീകരവാദത്തിനെതിരെ യു എ ഇ പോരാട്ടം തുടരും

Published

|

Last Updated

അബുദാബി: ആഭ്യന്തരവും രാജ്യാന്തര തരത്തിലുമുള്ള ഭീകരവാദത്തിനെതിരെ യു എ ഇ സന്ധിയില്ല സമരം തുടരും. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് സംസാരിക്കവെ യു എഇ പ്രതിനിധി സംഘമാണ് രാജ്യത്തിന്റെ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്.
യു എന്‍ ജനറല്‍ അസംബ്ലിയുടെ ആറാമത് കമ്മിറ്റിയില്‍ ഈസ മഹമ്മദ് അല്‍ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തരവും വൈദേശികവുമായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി യു എ ഇ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഈസ മുഹമ്മദ് പറഞ്ഞു.
രാജ്യം കര്‍ശനമായ നിയമങ്ങളാണ് എല്ലാവിധ ഭീകരവാദത്തിനും എതിരായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം അനധികൃതമായി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതിനെതിരെയും കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും ഇത്തരം സംഘടനകള്‍ക്കായി സാമ്പത്തിക സഹായം ചെയ്യുന്നവരെയും മാതൃകാപരമായി ശിക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ രാജ്യം രൂപപ്പെടുത്തുകയും പഴുതില്ലാത്ത രീതിയില്‍ നടപ്പാക്കുകയും ചെയ്തുവരുന്നുണ്ട്. രാജ്യത്തിന്റെ ഭരണ നേതൃത്വം തലസ്ഥാനത്ത് സ്ഥാപിച്ച ഹിദായ സെന്റര്‍ മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം ഭീകരതക്കെതിരെയുള്ളതാണ്- അദ്ദേഹം ഓര്‍മിപ്പിച്ചു.
ഏതെങ്കിലും പ്രത്യേക വിഭാഗവുമായോ രാജ്യവുമായോ വര്‍ഗവുമായോ സംസ്‌കാരവുമായോ ബന്ധപ്പെട്ട വിഷയമല്ല ഭീകരവാദം എന്നതാണ് രാജ്യത്തിന്റെ നിലപാട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല.
രാഷ്ട്രീയമായി ഭീകരവാദത്തെ നേരിടണമെന്നാണ് രാജ്യം എന്നും ആഗ്രഹിക്കുന്നത്. അഹിംസയുടെയും സഹവര്‍ത്തിത്വത്തിന്റെയും പൂക്കള്‍ ലോകം മുഴുവന്‍ വിരിയണം. ജനങ്ങളും മതവും തമ്മില്‍ സഹവര്‍ത്തിത്വം ഊട്ടിവളര്‍ത്താനാണ് പരിശ്രമിക്കുന്നത്.
നീതിയുടെ മാര്‍ഗവും നിയമവാഴ്ചയും മനുഷ്യാവകാശങ്ങളോടുള്ള അത്യഗാധമായ ബഹുമാനത്തിലും ഊന്നിയുള്ള ഒരു ഭരണക്രമത്തിനായാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയു ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പരിശ്രമിക്കുന്നതെന്നും അല്‍ ഹമ്മാദി യു എന്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

---- facebook comment plugin here -----

Latest