Connect with us

National

തെലങ്കാന: ആശുപത്രികള്‍ നിശ്ചലം; നാലായിരം കുരുന്ന് ജീവനുകള്‍ പൊലിഞ്ഞു

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപവത്കരണത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ തുടരുന്ന സമരങ്ങള്‍ക്കിടയില്‍ നാലായിരത്തിലധികം കുട്ടികള്‍ വിവിധ ആശുപത്രികളില്‍ മരിച്ചു. മരിച്ചവരില്‍ പകുതിയിലധികവും നവജാത ശിശുക്കളാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനവും വിതരണവും ഏതാണ്ട് നിലച്ച മട്ടാണ്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതാണ് കുട്ടികളുടെ മരണ നിരക്ക് കൂടാന്‍ ഇടയാക്കിയത്. പ്രതിദിനം 22,000 രൂപ വരെ ചെലവഴിച്ചാണ് പല ആശുപത്രികളും പ്രവര്‍ത്തനത്തിന് ജനറേറ്റര്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഏതാനും മണിക്കൂറുകളോളം മാത്രമേ വൈദ്യുതി കണ്ടെത്താനാകുന്നുള്ളു. ഇത് സംസ്ഥാനത്തെ ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് വിവിധ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സമരം തുടങ്ങിയതിനു ശേഷം ദിവസം പ്രതി ആയിരത്തോളം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ മരിച്ചത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്റെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചക്ക് ശേഷം ഹൈദരാബാദിലെ അഞ്ച് ആശുപത്രികളില്‍ മാത്രം മരിച്ചത് 520 കുട്ടികളാണ്. തീരദേശ, ഗോത്ര മേഖലകളില്‍ ഒന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മരണ നിരക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കുന്നു. വിജയവാഡ, കാക്കിനഡ, വിശാഖപട്ടണം എന്നിവിടങ്ങളിലെ പല ആശുപത്രികളിലും ഐ സി യു, ഔട്ട് പേഷ്യന്റ് വിഭാഗങ്ങള്‍ അടച്ചുപൂട്ടി. ഇവിടെ നിന്നു രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്‍കുബേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതാണ് നവജാത ശിശുമരണ നിരക്ക് വര്‍ധിക്കാനിടയാക്കിയത്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പോലും ആശുപത്രികളില്‍ മുടങ്ങുന്ന അവസ്ഥയും നിലനില്‍ക്കുന്നു. എയര്‍ കണ്ടിഷനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പൊള്ളലേറ്റ് ചികിത്സ തേടിയെത്തുന്നവരെയാണ് ഇത് ഏറെ വിഷമത്തിലാക്കുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പവര്‍ എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഞായറാഴ്ച ആരംഭിച്ച അനിശ്ചിത കാല പണിമുടക്കിനെ തുടര്‍ന്ന് 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് നിലച്ചിരിക്കുന്നത്. സീമാന്ധ്ര മേഖലയിലെ ഉത്പാദന, വിതരണ വിഭാഗങ്ങളില്‍ നിന്നായി എഴുപതിനായിരത്തോളം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വിജയവാഡ, രായലസീമ താപവൈദ്യുതി നിലയങ്ങളിലെ വൈദ്യുതി ഉത്പാദനം ഗണ്യമായി കറഞ്ഞു. ഇതിനു പരിഹാരമായി എന്‍ ടി പി സിയെയും പവര്‍ ഗ്രിഡ് കോര്‍പ്പറേഷനെയും സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.