Connect with us

Kerala

സോളാര്‍: മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസിലാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം വിലയിരുത്താന്‍ കേസ് ഡയറി മുദ്രവെച്ച കവറില്‍ എ ജി സമര്‍പ്പിച്ചെങ്കിലും കോടതി കേസ് ഡയറി മടക്കി നല്‍കി. ഈ ഘട്ടത്തില്‍ കേസ് ഡയറി പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വ്യക്തമാക്കി.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. അന്വേഷണത്തിന്റെ യും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് എ ജി അന്വേഷണ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചത്. ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കോടതിയും ഹരജിയില്‍ വാദം കേള്‍ക്കവേ ചോദ്യം ഉന്നയിച്ചിരുന്നു.
തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കില്‍ പിന്നെയെന്തിന് ചോദ്യം ചെയ്തുവെന്ന് കോടതി ചോദിച്ചു. അന്വേഷണ വിശദാംശങ്ങള്‍ അടങ്ങുന്ന കേസ് ഡയറി പരിശോധിച്ചാല്‍ എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്ന് എ ജി മറുപടി നല്‍കി. കേസില്‍ വാദം കേള്‍ക്കവേ മുഖ്യമന്ത്രിക്കെതിരായ ശ്രീധരന്‍ നായരുടെ ആരോപണങ്ങളെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങളും ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഒ വി മണി പ്രസാദ് നല്‍കിയ മറുപടിയും കോടതിയുമായി കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് കാരണമായി. മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന് വാദത്തിനിടെ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെന്ന കോടതിയുടെ പരാമര്‍ശാണ് തര്‍ക്ക വിഷയമായത്. കോടതിയില്‍ അങ്ങനെ ബോധിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ രഹസ്യ മൊഴിയില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്ന് മാത്രമാണ് താന്‍ വിശദീകരിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സരിത എസ് നായര്‍ക്ക് ശ്രീധരന്‍ നായര്‍ പണം നല്‍കിയതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ അഭിഭാഷകന്റെ നിലപാട് സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു. കോടതിയുടെ നിലപാട് നിരാശാജനകമാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന തരത്തില്‍ നിരീക്ഷണം നടത്തുന്നത് ഉചിതമല്ലെന്നും ജോയി കൈതാരത്തിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയാണ്. മുഖ്യമന്ത്രിയും സരിത എസ് നായരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഈ ദൃശ്യങ്ങള്‍ കാണുമെന്നും എ ജി വിശദീകരിച്ചു.
ഹാര്‍ഡ് ഡിസ്‌ക് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിരിക്കുകയാണ്. ഇത് ഫോറന്‍സിക് പരിശോധനക്കായി മജിസ്‌ട്രേറ്റ് അയച്ചിരിക്കുകയാണെന്നും എ ജി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതോ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ഇത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ഹരജിഭാഗം ആക്ഷേപം ഉന്നയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി ഡിവിഷന്‍ ബഞ്ച് തള്ളിയതായി എ ജി ബോധിപ്പിച്ചു. എന്നാല്‍ ഇത് ഒത്തുകളിയുടെ ഭാഗമായി ഫയല്‍ ചെയ്ത കേസാണെന്ന് സംശയിക്കുന്നതായി ഹരജിഭാഗം ആരോപിച്ചു. സിംഗിള്‍ ബഞ്ച് മുമ്പാകെ കേസ് ഉണ്ടെന്ന കാര്യം സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്നും ഹരജിഭാഗം ആരോപിച്ചു.
ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതി കേസ് വിധി പറയാനായി മാറ്റി.