Connect with us

National

വി കെ സിംഗിന് കാശ്മീര്‍ നിയമസഭയുടെ സമന്‍സ്‌

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മന്ത്രിമാരെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ കരസേനാ മേധാവി വി കെ സിംഗിനെ വിളിപ്പിക്കാന്‍ നിയമസഭാ സ്പീക്കര്‍ മുബാറക് ഗുല്‍ തീരുമാനിച്ചു. പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്താന്‍ വി കെ സിംഗിനോട് സ്പീക്കര്‍ ആവശ്യപ്പെടും.
പ്രതിപക്ഷമായ പി ഡി പി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്പീക്കര്‍ തീരുമാനം അറിയിച്ചത്. വി കെ സിംഗില്‍ നിന്ന് രേഖാമൂലം പ്രസ്താവന ആവശ്യപ്പെടുമെന്ന സ്പീക്കറുടെ നിലപാട് അംഗീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായില്ല. നേരത്തെ സഭയില്‍ വി കെ സിംഗിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സും പി ഡി പിയും സഭയില്‍ “ഏറ്റുമുട്ടിയിരുന്നു”. ചേരിതിരിഞ്ഞുള്ള മുദ്രാവാക്യം വിളിയിലും നടുത്തളം കൈയേറിയതിനാലും സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെട്ടു. രണ്ട് പ്രാവശ്യം സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. എന്നാല്‍, സിംഗിനെ വിളിപ്പിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ പി ഡി പി തയ്യാറായില്ല.
വിരമിച്ച സൈനിക മേധാവി സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നത് അതീവ ഗൗരവമേറിയ വിഷയമാണെന്ന് സംസ്ഥാന മന്ത്രിമാരായ മീര്‍ സൈഫുല്ലയും അലി മുഹമ്മദ് സാഗറും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ നിഷ്പക്ഷത പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അംഗങ്ങളാണ് സ്പീക്കറെ സ്വാധീനിച്ചതെന്ന് പി ഡി പി ആരോപിച്ചു. തുടര്‍ന്നാണ്, സിംഗിനെ വിളിപ്പിക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.

Latest