Connect with us

National

പൊതുമേഖലാ സ്ഥാപനങ്ങളെ വിലക്കിയതിനെതിരെ പ്രഫുല്‍ പട്ടേല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വ്യോമസേനയുടെ ടെന്‍ഡറുകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പങ്കെടുപ്പിക്കാത്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര വന്‍കിട വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേല്‍. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് (എച്ച് എ എല്‍) പോലെയുള്ള സ്ഥാപനങ്ങളെ പങ്കെടുപ്പിക്കാത്തതിനെയാണ് പ്രഫുല്‍ പട്ടേല്‍ ചോദ്യം ചെയ്തത്. ഇക്കാര്യം പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി ഉറപ്പ് നല്‍കി.
വ്യോമസേനക്ക് 56 യാത്രാ വിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡറില്‍, എല്ലാ യോഗ്യതകളുണ്ടായിട്ടും പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രഫുല്‍ പട്ടേല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും പ്രതിരോധ മന്ത്രി എ കെ ആന്റണിക്കും കത്തയച്ചു. 12,000 കോടി രൂപയുടെതാണ് ഈ കരാര്‍. പൊതു കമ്പനിയെന്നോ സ്വകാര്യ കമ്പനിയെന്നോ പരിഗണിക്കാതെ യോഗ്യതയുള്ള എല്ലാ കമ്പനികള്‍ക്കും സര്‍ക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള തുല്യ അവസരമൊരുക്കണമെന്ന് എന്‍ സി പി നേതാവ് കൂടിയായ പട്ടേല്‍ ആവശ്യപ്പെട്ടു.
അതേസമയം, പട്ടേല്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ആന്റണി നിര്‍ദേശം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി വിമാന വിതരണം ചെയ്യാനുള്ള വ്യോമസേനയുടെ നിര്‍ദേശം ആന്റണി നേതൃത്വം നല്‍കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് അംഗീകരിച്ചത്. കാലപ്പഴക്കമുള്ള ആവ്‌റോ വിമാനങ്ങള്‍ക്ക് പകരം 56 യാത്രാ സൗകര്യമുള്ള വിമാനങ്ങള്‍ വാങ്ങാനാണ് വ്യോമസേന ലക്ഷ്യമിട്ടത്. എച്ച് എ എല്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി കഴിഞ്ഞ മെയ് ഒമ്പതിന് പ്രതിരോധ മന്ത്രാലയം ഇതിന് അംഗീകാരം നല്‍കി. സര്‍ക്കാര്‍ നിക്ഷേപങ്ങളിലൂടെ ഈ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നൈപുണ്യവും പരിചയവും ആര്‍ജിച്ചിട്ടുണ്ടെന്നും പട്ടേല്‍ കത്തില്‍ പറയുന്നു.
അമേരിക്കന്‍ ലോക്ഹീഡ് മാര്‍ട്ടിന്‍, സ്വീഡിഷ് സാബ്, റഷ്യന്‍ റോസോബോണ്‍ എക്‌സ്‌പോര്‍ട്ട്, സ്പാനിഷ് എയര്‍ബസ് മിലിട്ടറി, ഇറ്റാലിയന്‍ അലേനിയ, ബ്രസീലിയന്‍ എംബ്രാര്‍ എന്നീ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചത്.