Connect with us

Editorial

കേര സമൃദ്ധിക്ക്

Published

|

Last Updated

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കേരസമൃദ്ധി പദ്ധതിക്ക് തുടക്കമാകുകയാണ്. ഒരു പഞ്ചായത്തില്‍ നൂറ് വീതമെന്ന നിലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 15 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു കേരളത്തിലെ തെങ്ങു കൃഷി പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പ്രസ്താവിക്കുകയുണ്ടായി. കേന്ദ്ര ബജറ്റില്‍ കേരളത്തിലെ നാളികേര പുനര്‍കൃഷിക്ക് 75 കോടി വകയിരുത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി സബ്‌സിഡികളും മറ്റു പ്രോത്സാഹനങ്ങളും നല്‍കി തെങ്ങുകൃഷി പരിപോഷിപ്പിക്കാനും കേരളത്തെ അഞ്ച് വര്‍ഷം കൊണ്ട് നാളികേര ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ തമിഴ്‌നാടിനൊപ്പം എത്തിക്കാനും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്ന പദ്ധതികളുടെ ഭാഗമാണ് കേരസമൃദ്ധി പദ്ധതി.
കേരളത്തിലെ മൊത്തം കൃഷിസ്ഥലത്തിന്റെ 35 ശതമാനത്തിലും തെങ്ങാണ്. ഏകദേശം ഒമ്പത് ലക്ഷം ഹെക്ടര്‍ വരുന്ന തെങ്ങു കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം സംസ്ഥാനത്ത് 40 ലക്ഷത്തോളം വരുമായിരുന്നു. തെങ്ങ് കൃഷിയിലും അതിന്റെ ഭൂവിസ്തൃതിയിലും ഉത്പാദനത്തിലും രാജ്യത്ത് കേരളമായിരുന്നു നേരത്തെ പ്രഥമ സ്ഥാനത്തെങ്കിലും ഇപ്പോള്‍ കേരളത്തെ പിന്തള്ളി തമിഴ്‌നാട് ഒന്നാമതെത്തിയിട്ടുണ്ട്. 2001-ല്‍ കേരളത്തില്‍ 9,25,7830 ഹെക്ടറില്‍ തെങ്ങ് കൃഷി ചെയ്തിരുന്നു. ഇന്നിപ്പോള്‍ 7,00,000 ഹെക്ടറായി അത് ചുരുങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 1,55,310 ഹെക്ടര്‍ സ്ഥലത്തെ നാളികേര കൃഷി അപ്രത്യക്ഷമായി. കേരോത്പാദനത്തില്‍ ഈ കാലയളവില്‍ 24.9 കോടിയുടെ കുറവുണ്ടായി. 553.6 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ കൊല്ലം ലഭിച്ചത് 528 കോടി തേങ്ങയാണ്. തമിഴ്‌നാട്ടില്‍ ഒരു ഹെക്ടറില്‍ നിന്ന് 9000 തേങ്ങ ലഭക്കുമ്പോള്‍ കേരളത്തില്‍ 5641 എണ്ണം മാത്രമാണ് ലഭിക്കുന്നതെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്.
തൊഴിലാളികളുടെ കൂലിയിലുണ്ടായ ക്രമാതീതമായ ഉയര്‍ച്ച, വിലയിലെ അസ്ഥിരത, രോഗങ്ങള്‍, എണ്ണ ഇറക്കുമതി, കേന്ദ്രത്തിന്റെ നിസ്സഹകരണം, തെങ്ങുകയറ്റ തൊഴിലാളികളുടെ ദൗലഭ്യത തുടങ്ങി സംസ്ഥാനത്തെ തെങ്ങുകൃഷിയുടെ ക്ഷയത്തിന് കാരണങ്ങളേറെയുണ്ട്. നിര്‍മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ ഉയരുകയും തൊഴിലുറപ്പ് പദ്ധതി നടപ്പാകുകയും ചെയ്തതോടെ സംസ്ഥാനത്തെ തോട്ടം മേഖലകളില്‍ തൊഴിലാളികളെ കിട്ടാനില്ലാതായി. ഇതുമൂലം തെങ്ങിന്‍തോപ്പുകളിലും ഇതര കൃഷിത്തോട്ടങ്ങളിലും യഥാസമയം പരിചരണ ജോലികള്‍ നടക്കുന്നില്ല.
പുറംസംസ്ഥാനങ്ങളില്‍ നാളികേരോത്പന്നങ്ങള്‍ക്ക് ആവശ്യമേറിയതും തമിഴ്‌നാട്ടില്‍ കൊപ്രക്ക് ക്ഷാമം നേരിട്ടതും മൂലം ഇപ്പോള്‍ നാളികേര വില ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതൊരു സ്ഥായിയായ നിലവാരമല്ല. പൊടുന്നനെ വില ഇടിയാന്‍ സാധ്യതയുണ്ട്. നാളികേരത്തിനും വെളിച്ചെണ്ണക്കും വില ഉയരുമ്പോള്‍ ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുകയും അതുവഴി വെളിച്ചെണ്ണയുടെ വില ഇടിക്കുകയും ചെയ്യുന്ന സമീപനമാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം കേന്ദ്രം സ്വീകരിച്ചത്. തേങ്ങയുടെ വിലയിടിവ് തടയാന്‍ താങ്ങുവില പ്രഖ്യാപിക്കാറുണ്ടെങ്കിലും പ്രസ്തുത വിലക്ക് സംഭരിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം കര്‍ഷകന് അത് പ്രയോജനപ്പെടാറില്ല. കേരഫെഡ്, നാഫെഡ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ വിപണിയിലെത്തുന്നത് മിക്കപ്പോഴും സീസന്‍ അവസാനിക്കാറാകുമ്പോഴാണ്. കൊപ്ര സംഭരണത്തില്‍ നാഫെഡിനുണ്ടാകുന്ന നഷ്ടത്തിന്റെ 15 ശതമാനം മാത്രമേ കേന്ദ്രം വഹിക്കുകയുള്ളുവെന്ന തീരുമാനം നാഫെഡിനെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്. മാത്രമല്ല, ഇത്തരം സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും കൊപ്ര മൊത്തക്കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളി മുലം കര്‍ഷകര്‍ കുറഞ്ഞ വിലക്ക് പൊതുവിപണിയില്‍ വില്‍ക്കേണ്ട ഗതികേടിലുമാണ്. തെങ്ങുകയറ്റ തൊഴിലാളികളുടെ ദൗര്‍ലഭ്യതയും കര്‍ഷകരെ വലക്കുന്നു. മുമ്പ് ഒന്നര മാസം കൂടുമ്പോള്‍ തേങ്ങയിടീച്ചിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ട് തവണ മാത്രമായി അത് ചുരുക്കിയിട്ടുണ്ട്. തെങ്ങിന്‍തോപ്പുകളില്‍ ഉണങ്ങിയ തേങ്ങകള്‍ വീണുകിടക്കുന്നത് എവിടെയും ദൃശ്യമാണിന്ന്. അമിത രാസവളപ്രയോഗം, പരിചരണമില്ലായ്മ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും തെങ്ങുകളുടെ വളര്‍ച്ചയെ ബാധിക്കുന്നു.
തെങ്ങ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹൃതമായെങ്കിലേ ഉത്പാാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ വിജയിക്കുകയുള്ളു. പ്രത്യുത സര്‍ക്കാര്‍ നല്‍കുന്ന തൈകള്‍ കര്‍ഷകര്‍ മൂലക്കിടുകയോ പേരിന് മണ്ണിലിറക്കി തിരിഞ്ഞു നോക്കാത്ത അവസ്ഥ സംജാതമാകുകയോ ചെയ്യും. സംസ്ഥാനത്തിന്റെ വനം വിസ്തൃതിയും വൃക്ഷങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നേരത്തെ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്ന വൃക്ഷത്തൈകളില്‍ എത്രയെണ്ണം വളരുന്നുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.