Connect with us

Kasargod

ബേങ്കില്‍നിന്നും 11 ലക്ഷം തട്ടിയ കേസ്: ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Published

|

Last Updated

കാഞ്ഞങ്ങാട്: നീലേശ്വരം സര്‍വീസ് സഹകരണ ബേങ്കില്‍ വിവിധ തവണകളിലായി മുക്കുപണ്ടം പണയം വെച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പടന്നക്കാട് അനന്തംപള്ള താഹിറ മന്‍സിലില്‍ ഹുസൈന്റെ ഭാര്യ ഖമര്‍ബാന്‍(45), സഹോദരി ആഇശ(48), ആഇശയുടെ ഭര്‍ത്താവ് എ സി ഇബ്‌റാഹിം(58) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നീലേശ്വരം പോലീസിനോട് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബേങ്കിലെ അപ്രൈസറായിരുന്ന രാജേഷും ഈ കേസില്‍ പ്രതിയാണ്. ബേങ്ക് സെക്രട്ടറി ചന്ദ്രന്റെ പരാതിപ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഖമര്‍ബാന്‍ പണയംവെച്ച സ്വര്‍ണത്തില്‍ 11 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേങ്കധികൃതര്‍ക്കെതിരെ ഖമര്‍ബാനും ബന്ധുക്കളും ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തങ്ങള്‍ ബേങ്കില്‍ പണയംവെച്ച സ്വര്‍ണത്തില്‍ മുക്കുപണ്ടം ഉണ്ടായിരുന്നില്ലെന്നും സ്വര്‍ണത്തട്ടിപ്പ് നടത്തി തങ്ങളെ കേസില്‍ കുടുക്കാന്‍ ബേങ്ക് നടത്തുന്ന നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഖമര്‍ബാന്‍ കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് കോടതി ബേങ്കിന് നോട്ടീസയച്ചു. ഇതിനു പിന്നാലെയാണ് ബേങ്ക് സെക്രട്ടറി അപ്രൈസര്‍ അടക്കം നാലുപേര്‍ക്കെതിരെ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നല്ലാതെ തുടര്‍നടപടികളിലേക്ക് കടന്നിട്ടില്ല. കോടതിയില്‍ കേസുള്ള ഒരു സംഭവത്തില്‍തന്നെ പോലീസും കേസെടുക്കുന്നത് അപൂര്‍വമാണ്. മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തില്‍ ബേങ്കിന് കോടതി നോട്ടീസ് ലഭിച്ച കാര്യം മറച്ചുവെച്ചാണ് പോലീസില്‍ പരാതി നല്‍കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സ്വാതന്ത്ര്യ സമരസേനാനി കെ ആര്‍ കണ്ണന്റെ ഉടമസ്ഥതയിലുള്ള നീലേശ്വരം സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതിയുടെ കാലാവധി അടുത്ത ഡിസംബറിലാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍തന്നെയാണ് ബേങ്കില്‍ മുക്കുപണ്ട വിവാദവും കൊഴുത്തിരിക്കുന്നത്.

Latest