Connect with us

Sports

ഹൈവാട്‌സില്‍ ഓസീസ് ഒരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഏകദിന പരമ്പരയില്‍ ഇന്ത്യയെ തൂത്തെറിഞ്ഞ് ഒന്നാം നമ്പര്‍ പട്ടം ആസ്‌ത്രേലിയ തിരിച്ചുപിടിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. തിരിച്ചുവരവിനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തുന്നു. പരിചയ സമ്പന്നനായ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍, ജോര്‍ജ് ബെയ്‌ലി നയിക്കുന്ന യുവനിരക്ക് പ്രചോദനമേകിക്കൊണ്ട് ടീമിനൊപ്പം ചേര്‍ന്നു. ക്യാപ്റ്റന്‍ മൈക്കര്‍ ക്ലാര്‍ക്ക് പരുക്കേറ്റ് പിന്‍മാറിയതിനാല്‍ മാനസികമായി ടീമിന് കരുത്ത് പകരുന്ന ദൗത്യം വാട്‌സനാണ്.
ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ പര്യടനം നാളെ ട്വന്റി20 മത്സരത്തോടെയാണ് തുടക്കമാകുന്നത്. ഇതിന് പുറമെ ഏഴ് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയും ഓസീസ് കളിക്കും. മൈക്കല്‍ ക്ലാര്‍ക്ക് പിന്‍മാറിയ സാഹചര്യത്തില്‍ ടി20 നായകന്‍ ജോര്‍ജ് ബെയ്‌ലി തന്നെ ഏകദിന ടീമിനും നേതൃത്വം നല്‍കും. ചാമ്പ്യന്‍സ് ട്രോഫി ടി20 ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് ഫൈനല്‍ കളിച്ചതിന് ശേഷമാണ് വാട്‌സന്‍ തിങ്കള്‍ വൈകീട്ടോടെ ഓസീസ് ക്യാംപില്‍ ചേര്‍ന്നത്.
ഇന്ത്യയില്‍ ഏറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള വാട്‌സന്റെ പരിചയ സമ്പത്തുമായി ചേര്‍ന്നു നിന്ന് പോരാടാന്‍ ഓസീസ് തയ്യാറെടുക്കുകയാണെന്ന് ആഡം വോജസ് പറയുന്നു. പരിശീല സെഷനില്‍ വാട്‌സന്‍ ഉത്സാഹിയായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരുടെ നെറ്റ്‌സ് പരിശീലനം വീക്ഷിച്ച വാട്‌സന്‍ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.
മിച്ചല്‍ ജോണ്‍സുമായി ഗൗരവമായ ചര്‍ച്ചകളില്‍ മുഴുകുന്ന വാട്‌സന്‍ ബൗളിംഗിര്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു. നിലവിലെ ടീമില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ട് പേര്‍ വാട്‌സനും ജോണ്‍സനും മാത്രമാണ്.
ബാറ്റിംഗ് നെറ്റ്‌സിലും വാട്‌സന്‍ നിര്‍ദേശങ്ങളുമായെത്തി. ശേഷം രാജസ്ഥാന്‍ റോയല്‍സിനെ സഹതാരം ജെയിംസ് ഫോക്‌നറുമായി ചെറിയ ചര്‍ച്ച. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ പുറത്തെടുത്ത മികവ് ഇന്ത്യയിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും ഓസീസ് ക്യാമ്പിലുണ്ട്. ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമായിട്ടാണ് ഓസീസ് കോച്ച് സ്റ്റീവ് റിക്‌സന്‍ പരമ്പരയെ കാണുന്നത്. ഡാരന്‍ ലെമാന്‍ വിശ്രമത്തിലായതിനാല്‍ സ്റ്റീവ് റിക്‌സനാണ് കോച്ചിന്റെ ചുമതല. ഐ പി എല്‍ മത്സര പരിചയമുള്ള കളിക്കാര്‍ ടീമിലുള്ളത് ഗുണം ചെയ്യുമെന്നും റിക്‌സന്‍ വിശ്വസിക്കുന്നു. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും ഇതേ വിശ്വാസക്കാരനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വപാടവം അടുത്തറിഞ്ഞിട്ടുള്ള ബെയ്‌ലിക്ക് ധോണിയുടെ ശക്തിദൗര്‍ബല്യം തിരിച്ചറിയും. ഇതു പോലെ സുരേഷ് റെയ്‌ന, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ ഇന്ത്യന്‍ താരങ്ങളെ മെരുക്കാനുള്ള തന്ത്രങ്ങളും ബെയ്‌ലിക്ക് വശമാക്കിയുണ്ടാകും. ഇങ്ങനെ ഐ പി എല്‍ നല്‍കിയ അനുഭവ സമ്പത്ത് മുതെലെടുക്കാന്‍ വാട്‌സനും ഫോക്‌നറും അടങ്ങുന്ന താരനിര തന്നെ ആസ്‌ത്രേലിയക്കുണ്ട്.
ആസ്‌ത്രേലിയ സ്‌ക്വാഡ്: ഷെയിന്‍ വാട്‌സന്‍, ആരോന്‍ ഫിഞ്ച്, ഫിലിപ് ഹ്യൂസ്, ജോര്‍ജ് ബെയ്‌ലി (ക്യാപ്റ്റന്‍), ആദം വോജസ്, കല്ലും ഫെര്‍ഗൂസന്‍, ബ്രാഡ് ഹാഡിന്‍ (വിക്കറ്റ് കീപ്പര്‍), മോയിസസ് ഹെന്റികസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ ജോണ്‍സന്‍, ജെയിംസ് ഫോക്‌നര്‍, നഥാന്‍ കോള്‍ട്ടര്‍-നില്‍, ക്ലിന്റ് മക്‌ഗേ, സേവ്യര്‍ ദൊഹര്‍തി.

Latest