Connect with us

Wayanad

വിജിലന്‍സ് റെയ്ഡിന് എതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം

Published

|

Last Updated

മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡിനെതിരെ ഡോക്ടര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ പി ഡി രേണുകയുടെ നേതൃത്വത്തില്‍ രാവിലെ 8.30 ഓടുകൂടി ജില്ലാ ആശുപത്രിയില്‍ വിജിലന്‍സ് വിഭാഗം റെയ്ഡ് നടത്തി. രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഹാജര്‍ബുക്കില്‍ ഒപ്പിട്ടിരുന്നത്. കൃതസമയത്ത് ഡ്യൂട്ടിക്ക് എത്താത്ത ഡോക്ടര്‍മാരുടെ ഹാജര്‍ നിരക്കു നേരെ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തി വിജിലന്‍സ് വിഭാഗം മടങ്ങി. ഇതേ തുടര്‍ന്ന് വൈകിയെത്തിയ ഡോക്ടര്‍മാര്‍ നിസഹകരണ സമരം ആരംഭിച്ചു.
ഒ.പി ടിക്കറ്റ് പോലും രോഗികള്‍ക്ക് നല്‍കിയില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ നിരവധി രോഗികളാണ് രാവിലെ മുതല്‍ ചികിത്സക്കായി ക്യൂ നിന്നത്. ഡോക്ടര്‍മാര്‍ സമരമാരംഭിച്ചതോടെ രോഗികള്‍ക്ക് ചികിത്സ പൂര്‍ണ്ണമായും മുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇടത്പക്ഷ യുവജന സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിച്ചതോടെ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. ഒരു മണിക്കുറിനു ശേഷമാണ് ഒ പി ടിക്കറ്റുകള്‍ നല്‍കി തുടങ്ങിയത്. അതേ സമയം പരിശോധനാ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. വിജിലന്‍സ് സംഘം റെയ്ഡു നടത്തുന്ന സമയത്ത് വാര്‍ഡുകളില്‍ പരിശോധന നടത്തുകയായിരുന്നെന്നാണ് ഡോക്ടര്‍മാരുടെ വാദം.

Latest