Connect with us

National

സീമാന്ധ്രയില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നു

Published

|

Last Updated

ഹൈദരാബാദ്/ ന്യൂഡല്‍ഹി്: തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്ര മേഖലയില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. വൈദ്യുതി വിതരണം, ട്രെയിന്‍ ഗതാഗതം, വിമാന സര്‍വീസ്, ആശുപത്രി പ്രവര്‍ത്തനം, വ്യവസായം തുടങ്ങിയവയെ പ്രക്ഷോഭം ബാധിച്ചു. അനിശ്ചിത കാല സമരം അവസാനിപ്പിക്കാന്‍ ഇലക്ട്രിസിറ്റി ജീവനക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. തീരദേശ ആന്ധ്ര, രായലസീമ മേഖലകള്‍ ഇരുട്ടിലായതിന് പുറമെ ഹൈദരാബാദ് നഗരത്തിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതേസമയം, എസ്മ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പവര്‍ ജനറേഷന്‍ കോര്‍പ്പറേഷന്‍, പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍, സൗത്തേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ഈസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവയിലെ മുപ്പതിനായിരത്തിലേറെ ജീവനക്കാരാണ് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളായ വിജയവാഡ, രായലസീമ തെര്‍മല്‍ സ്റ്റേഷനുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മൂന്ന് മണിക്കൂര്‍ മുതല്‍ പത്ത് മണിക്കൂര്‍ വരെ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 11000 മെഗാവാട്ട് വേണ്ടയിടത്ത് 7500 മെഗാവാട്ടാണ് ഉത്പാദിപ്പിക്കുന്നത്. ആശുപത്രി, വിമാനത്താവളം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ വൈദ്യുതി പ്രതിസന്ധി ശക്തമായി ബാധിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസും തടസ്സപ്പെട്ടു. ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
അതേസമയം, വിജയനഗരത്തില്‍ ഇന്നലെ രാവിലെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മേഖല സാധാരണനിലയിലാകുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. നഗരത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. രാവിലെ ഒരു മണിക്കൂറായിരുന്നു ഇളവ്. അതിനിടെ, വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി എം പിയും ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവും നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. ജഗന്‍ ഹൈദരാബാദിലും നായിഡു ഡല്‍ഹിയിലുമാണ് സമരം നടത്തുന്നത്. നിരാഹാര സമരം അനധികൃതമാണെന്നും വാര്‍ത്താ സമ്മേളനം നടത്താന്‍ മാത്രമാണ് അനുവാദമെന്നും ആന്ധ്രാ പ്രദേശ് ഭവന്‍ റസിഡന്റ് കമ്മീഷണര്‍ ടി ഡി പി നേതാവിനെ അറിയിച്ചിട്ടുണ്ട്.
തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച കേന്ദ്ര മന്ത്രി പള്ളം രാജു ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. രാജിക്കത്ത് കൈമാറിയ കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി, കേന്ദ്രമാനവവിഭവ ശേഷി മന്ത്രി പള്ളം രാജു, വാണിജ്യ സഹമന്ത്രി ഡി പുരന്ദരേശ്വരി, റെയില്‍വേ സഹമന്ത്രി സൂര്യപ്രകാശ് റെഡ്ഢി എന്നിവര്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ച് തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തി.

Latest