Connect with us

National

മായാവതിക്കെതിരായ കേസും സി ബി ഐ അവസാനിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ബി എസ് പി മേധാവി മായാവതിക്കെതിരെയുള്ള അഴിമതിക്കേസുകളിലെ അന്വേഷണം അവസാനിപ്പിക്കാന്‍ സി ബി ഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെളിവിന്റെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സി ബി ഐ അറിയിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ഈ തീരുമാനം. മായാവതിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.
മായാവതിക്കെതിരായ സ്വത്ത് സമ്പാദന കേസില്‍ സി ബി ഐ അന്വേഷണം വിസമ്മതിച്ച സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ആഗസ്റ്റ് എട്ടിന് സുപ്രീം കോടതി തള്ളിയിരുന്നു. കോടതിയുടെ നിര്‍ദേശം കൂടാതെ മായാവതിക്കെതിരെ പോലീസ് കേസ് ചുമത്തിയതിനാല്‍ അന്വേഷണ ഏജന്‍സി അധികാരപരിധി മറികടന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. താജ് ഇടനാഴി കേസുമായി ബന്ധപ്പെട്ട് മാത്രം മായാവതിക്കെതിരെ അന്വേഷണം നടത്തിയാല്‍ മതിയെന്നും മറ്റ് വശങ്ങളിലേക്ക് പോകേണ്ടതില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. താജ് മഹലിന്റെ ചുറ്റും നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടന്നാണ് മായാവതിക്കെതിരെ സി ബി ഐ അന്വേഷണം നടത്തിയത്. മായാവതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ 2003ലാണ് താജ് ഇടനാഴി പദ്ധതി കമ്മീഷന്‍ ചെയ്തത്.
സ്വത്തുക്കളെക്കുറിച്ച് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന കാരണം പറഞ്ഞാണ് രണ്ടാഴ്ച മുമ്പ് മുലായമിനെതിരായ അന്വേഷണം അവസാനിപ്പിച്ചത്. 1993-2005 കാലയളവില്‍ മുലായത്തിന്റെ സ്വത്തുക്കള്‍ ക്രമാതീതമായി വര്‍ധിച്ചതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ബന്ധുക്കളുടെ സമ്മാനമാണ് സമ്പാദ്യമെന്നായിരുന്നു മുലായം സിംഗ് യാദവിന്റെ വിശദീകരണം. അഭിഭാഷകനായ വിശ്വനാഥ് ചതുര്‍വേദി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ച് 2007 മാര്‍ച്ച് ഒന്നിന് സുപ്രീം കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്വത്തുക്കളെക്കുറിച്ച് മുലായത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കിയിരുന്നതായി എസ് പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2007 ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി വിവരത്തില്‍ മുലായത്തിന്റെ കൈവശം കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ഉള്ളതായി ബോധ്യപ്പെട്ടതായി സി ബി ഐ വ്യക്തമാക്കിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ ശത്രുക്കളാണെങ്കിലും യു പി എ സര്‍ക്കാറിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന പാര്‍ട്ടികളാണ് എസ് പിയും ബി എസ് പിയും.

 

Latest