Connect with us

Ongoing News

ഇറക്കുമതി കൂടി: റബ്ബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

Published

|

Last Updated

പാലക്കാട്: റബ്ബര്‍ ഇറക്കുമതി കൂടിയതോടെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. റബ്ബര്‍ ഇറക്കുമതി തീരുവ കുറച്ചതോടെയാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് വന്‍തോതില്‍ റബ്ബര്‍ വരാന്‍ തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ റബ്ബറിന് വിലയിടിയുകും ചെയ്തു.

ചുങ്കം കുറച്ചതോടെ ഉത്പാദക രാഷ്ട്രങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് റബ്ബര്‍ ഇറക്കുമതി തുടരുകയാണ്. വിലയിടിവ് തുടരുന്നതിനിടെ ഉത്പാദിപ്പിച്ച റബ്ബര്‍ വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറാകാത്തതിനാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. റബ്ബര്‍ വ്യാപാരികള്‍ക്ക് തങ്ങള്‍ സംഭരിക്കുന്ന ഷീറ്റുകള്‍ ലാഭത്തില്‍ വില്‍ക്കാന്‍ കഴിയാതായതോടെയാണ് റബ്ബര്‍ സംഭരണം നിലച്ചത്. നിലവില്‍ കിലോക്ക് 150 നും 160 നും ഇടയിലാണ് റബ്ബര്‍ വില. വന്‍കിട വ്യാപാരികള്‍ വിദശത്തു നിന്നും ഇതിലും കുറഞ്ഞ നിരക്കിലാണ് ഇറക്കുമതി തുടരുന്നത്. നിലവില്‍ ഇരുപത് രൂപ മാത്രമാണ് ഇറക്കുമതി ചുങ്കം ഈടാക്കുന്നത്. സംസ്ഥാനത്ത് റബ്ബര്‍ കൂടുതലായി ഉത്പാദനം നടക്കുന്ന ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുന്നത് മേഖലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ മിക്കയിടത്തും ടാപ്പിംഗ് അടക്കമുള്ള ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അനുബന്ധ തൊഴിലില്‍ ഏര്‍പ്പെടുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും ഇതോടെ ദുരിതത്തിലായി. വരും ദിവസങ്ങളില്‍ റബ്ബറിന് വന്‍തോതില്‍ വിലയിടിയുന്ന പക്ഷം നെല്ല് കര്‍ഷകരെ പോലെ തന്നെ റബ്ബര്‍ കര്‍ഷകരും ആത്മഹത്യയുടെ വക്കിലെത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇറക്കുമതി തീരുവയില്‍ വര്‍ധനവ് വരുത്തി ഇറക്കുമതി നിയന്ത്രിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റബ്ബറിന്ന് താങ്ങുവില നിശ്ചയിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

 

Latest