Connect with us

Kasargod

കണ്ണംകൈ-കൊവ്വപ്പുഴ പാലം പുതുക്കിപ്പണിയാന്‍ നടപടിയായി

Published

|

Last Updated

തൃക്കരിപ്പൂര്‍: അപകട ഭീഷണികാരണം ആശങ്കയിലുള്ള കണ്ണംകൈ കൊവ്വപ്പുഴ പാലത്തിന് ശാപമോക്ഷം. കാലപ്പഴക്കം കൊണ്ട് ഏത് നിമിഷവും തകരുമെന്ന നിലയിലുള്ള ഈ റോഡ് പാലം പുതുക്കി പണിയാനുള്ള നടപടികളായി. ജില്ല വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുക.
ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പദ്ധതികളില്‍പ്പെടുന്നതാണ് തൃക്കരിപ്പൂരിന്റെ തീരദേശത്ത് കൂടി കടന്നു പോകുന്ന റോഡില്‍ നിര്‍മിക്കുന്ന ഈ പാലം. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പാലം പണി പൂര്‍ത്തിയാക്കുക. എതു സമയത്തും തകരാന്‍ പാകത്തിലുള്ള പാലത്തിന്റെ ദുരവസ്ഥ കണ്ടു നാട്ടുകാര്‍ ഏറെ ആശങ്കയിലായിരുന്നു. പാലം പുനര്‍നിര്‍മിക്കുന്നുവെന്ന വാര്‍ത്ത നാട്ടുകാരില്‍ ആഹ്ലാദത്തിനിടയാക്കി.
ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പാലം നിര്‍മിച്ചത്. കരിങ്കല്ല്‌കൊണ്ട് കെട്ടിയ തൂണിന് മുകളില മരപ്പലക പാകിയാണ് അന്ന് പാലം പണി പൂര്‍ത്തിയാക്കിയത്. പിന്നീട് ഇതുവഴിയുള്ള ഗതാഗതം വര്‍ധിച്ചപ്പോള്‍ പലകമാറ്റി പകരം മുകളില്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്തു. പക്ഷെ തൂണിന്റെ ബലക്ഷയം കാരണം പാലത്തിന്റെ മധ്യഭാഗം താണു. മാത്രമല്ല തൂണുകളുടെ അടിത്തറയടക്കം ഇളകിയ അവസ്ഥയിലാണുള്ളത്. എട്ടോളം ബസ്സുകളും നിരവധി സ്വകാര്യ വാഹനങ്ങളും നിത്യേന ഈ പാലം വഴി കടന്നുപോകുന്നുണ്ട്.