Connect with us

Gulf

രാജ്യത്തിന്റെ പുരോഗതി തൊഴില്‍ ശക്തിയില്‍: ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: രാജ്യത്തിന്റെ പുരോഗതി, പ്രാപ്തിയും കഴിവുമുള്ള തൊഴില്‍ ശക്തിയില്‍ അധിഷ്ഠിതമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം പ്രസ്താവിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി ഒരുക്കിയ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം പ്രഥമ ബാച്ചിന്റെ ബിരുദ ദാന ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പരിപാടിയില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്. ജന. ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നമുക്ക് നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ തന്നെ വൈദഗ്ധ്യമുള്ളവരാലും വിദഗ്‌ദോപദേശം നല്‍കുന്നവരാലും നിര്‍വഹിക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് വ്യവസ്ഥകള്‍ സമകാലികവും ശാസ്ത്രീയവുമാവണം. രാജ്യത്തു തന്നെ നൈപുണ്യമുള്ള വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ്‌നമ്മുടെ തൊഴില്‍ ശക്തി അന്തര്‍ദേശീയ നിലവാരത്തിനൊത്ത് ഉയര്‍ന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുള്ള മാനശേഷി വളര്‍ത്തിയെടുക്കുന്ന രീതിയാണ് യു എ ഇയുടേത്. അതില്‍ വിദഗ്ധ പരിശീലനം നേടിയവര്‍ തൊഴില്‍ സേനയുടെ നേതൃത്വം വഹിക്കുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശികളുമാകണം-ശൈഖ് മുഹമ്മദ് പറഞ്ഞു.
22 പേരാണ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. 2010ലാണ് ഇവര്‍ക്കുള്ള പരിശീലനത്തിന് തുടക്കമിട്ടത്.

Latest