Connect with us

Gulf

10 ലക്ഷം പിഴവരുത്തി വാര്‍ത്തയില്‍ ഇടംപിടിച്ച യുവതിക്ക് മാനസിക പ്രശ്‌നമെന്ന്

Published

|

Last Updated

റാസല്‍ഖൈമ: 10 ലക്ഷം ദിര്‍ഹം ഗതാഗത പിഴ ചുമത്തിയതിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച 31കാരിയായ അറബ് യുവതിക്ക് മാനസിക പ്രശ്‌നമെന്ന് റിപ്പോര്‍ട്ട്. യുവതിയാണ് മനഃശാസ്ത്രജ്ഞന്റെ ചികിത്സ തനിക്ക് ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയത്. എമിറേറ്റില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളിലായാണ് ഇവര്‍ക്ക് 10 ലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്.
ഇതില്‍ റാസല്‍ഖൈമ ട്രാഫിക് കോടതിയില്‍ പിഴയുമായി ബന്ധപ്പെട്ട വാദത്തിനിടയിലാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇടയായത് മാനസിക പ്രശ്‌നങ്ങള്‍ മൂലമാണെന്നും അതിനാല്‍ ചികിത്സ വേണമെന്നും യുവതി അഭ്യര്‍ഥിച്ചത്. 36,000 ദിര്‍ഹം പോലീസ് പിഴ ചുമത്തിയ കേസിലായിരുന്നു വാദം നടന്നത്. എന്നാല്‍ കോടതി യുവതിയുടെ ആവശ്യം നിരസിച്ചു. പിഴ 20,000 ദിര്‍ഹമായി കോടതി ഇളവ് ചെയ്തിട്ടുണ്ട്. ഈ തുക അടക്കാന്‍ താമസിച്ചാല്‍ ഓരോ 100 ദിര്‍ഹത്തിനും യുവതി ഒരു ദിവസം വീതം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വേഗ പരിധി ലംഘിക്കുക, അപകടകരമാംവിധം വാഹനം ഓടിക്കുക, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതില്‍ അലംഭാവം കാണിക്കുക, പിഴ അടക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
രണ്ട് മാസം മുമ്പ് റാസല്‍ഖൈമ പോലീസായിരുന്നു അമിത വേഗവുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഉടമസ്ഥതയിലുള്ള നിസാന്‍ അള്‍ടിമ കാര്‍ 1,380 ഗതാഗത നിയമലംഘനങ്ങളാണ് നടത്തിയത്. ഇവയുടെ മൊത്തം തുക 10,27,000 ദിര്‍ഹം വരും. ഇതില്‍ 27 നിയമലംഘനങ്ങളാണ് റാസല്‍ഖൈമ എമിറേറ്റില്‍ നടന്നത്. ബാക്കിയുള്ളവയില്‍ ബഹുഭൂരിപക്ഷവും ദുബൈയിലും അബുദാബിയിലുമായാണ് നടത്തിയത്. ഇവര്‍ക്കെതിരെ ഗതാഗത നിയമലംഘനത്തിന് ഒമാനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന് യുവതി മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. വാഹനത്തില്‍ കയറിയാല്‍ അമിത വേഗത്തില്‍ ഓടിക്കാന്‍ മാനസിക രോഗമാണ് കാരണമെന്നും യുവതി കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ത്രീയുടെ ഇത്തരം വാദങ്ങള്‍ കോടതി നിരാകരിക്കുകയായിരുന്നു.

 

Latest