Connect with us

Kozhikode

കലാശാലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വി സി തയ്യാറാകണം: സംയുക്ത സമര സമിതി

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരെയും ജീവനക്കാരെയും വിദ്യാര്‍ഥികളെയും നിരന്തരമായി പീഡിപ്പിക്കുന്ന വൈസ് ചാന്‍സലര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്മാറി സര്‍വകലാശാലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് കാലിക്കറ്റ് സര്‍വകലാശാല സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് അവര്‍ പറഞ്ഞു.
ഡോ. എം അബ്ദുസ്സലാം കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ അക്കാദമിക് രംഗത്തോ ഭരണരംഗത്തോ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സര്‍വകലാശാലയെ വിവാദഭൂമിയാക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സര്‍വകലാശാലയെ കമ്പോളവത്കരിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. 75 രൂപ ഫീസടച്ചാല്‍ ലഭിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 2000 രൂപ ഈടാക്കി കോണ്‍വൊക്കേഷന്‍ നടത്തുന്നു. സാധാരണ നിലയില്‍ പേപ്പറൊന്നിന് 15 രൂപയാണ് പരീക്ഷാഫീസായി ഈടാക്കാറുള്ളത്. എന്നാല്‍ പേപ്പറൊന്നിന് 2000 രൂപ വീതം സ്‌പെഷ്യല്‍ ഫീസ് ഈടാക്കുന്നു. സര്‍വലകലാശാല സ്വന്തം നിലയില്‍ ചെയ്യുന്ന ഈ ജോലികള്‍ ചെന്നൈയിലെ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നു. സര്‍വകലാശാല ഫണ്ടില്‍ നിന്ന് വിവിധ ഇനങ്ങളുടെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം പോലുമില്ലാതെ 40 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു. സര്‍വകലാശാലയിലെ 1400 ജീവനക്കാരില്‍ 600 പേരുടെയും പ്രൊബേഷന്‍, പ്രമോഷന്‍ ആനുകൂല്യങ്ങള്‍ വി സി നിഷേധിക്കുകയും മാനദണ്ഡങ്ങള്‍ ലംഘിച്ച് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്യുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് രജിസ്ട്രാര്‍മാരാണ് മാറിവന്നത്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സേവനാവകാശ നിയമം ഏറ്റവും വികലമായ രീതിയില്‍ നടപ്പാക്കാനാണ് വി സി തയ്യാറായതെന്നും അവര്‍ പറഞ്ഞു.
ചെയര്‍മാന്‍ പി പ്രേമരാജന്‍, കണ്‍വീനര്‍ പി ഉമര്‍, പി അബ്ദുര്‍റഹ്മാന്‍, കെ വി അഗസ്റ്റിന്‍, സി എസ് രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Latest