Connect with us

Kozhikode

ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവം: നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

Published

|

Last Updated

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ കുത്തിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂര്‍ മിന്നല്‍ പണിമുടക്ക്. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് ഇന്ന് രാവിലെ ആറിനാണ് അവസാനിച്ചത്. പണിമുടക്കിയ തൊഴിലാളികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജ്ജന്‍കുമാറിന് പരാതി നല്‍കി.
ഓട്ടോഡ്രൈവറായ ഒളവണ്ണ എന്‍ പി ഹൗസിലെ അബ്ദുല്ലയുടെ മകന്‍ സലീ (26) മിനാണ് കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റത്. രാത്രി 11 മണിയോടെ ഇയാളുടെ ഓട്ടോയില്‍ കയറിയ രണ്ട് പേരില്‍ ഒരാള്‍ കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. വാടക സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. സാരമായി പരുക്കേറ്റ സലീം സ്വയം ഓട്ടോയോടിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. ബോധരഹിതനായ ഇയാളെ പീന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സലീമിന്റെ പരുക്ക് ഭേദപ്പെട്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് രണ്ട് പേര്‍ കണ്ണാടിക്കലിലേക്ക് സലീമിന്റെ ഓട്ടോ വിളിച്ചത്. കണ്ണാടിക്കലില്‍ എത്തിയ ശേഷം ഓട്ടോ ചാര്‍ജ് സംബന്ധിച്ച് യാത്രക്കാരുമായി തര്‍ക്കമുണ്ടായതായി സലീം പോലീസിന് മൊഴി നല്‍കി. മീറ്ററില്‍ 80 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. രാത്രികാല സര്‍വീസായതിനാല്‍ മീറ്റര്‍ ചാര്‍ജും അതിന്റെ പകുതിയുമായി 120 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാനാകില്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെ വാക്കേറ്റം രൂക്ഷമായി. ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ ഷര്‍ട്ടിന് പിറകില്‍ വെച്ച കത്തിയെടുത്ത് കുത്തി തള്ളിയിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നെന്ന് സലീം പറഞ്ഞു.
സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയ ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മീറ്റര്‍ ചാര്‍ജിന്റെ തര്‍ക്കമാണോ മറ്റെന്തെങ്കിലുമാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് കേസ് അന്വേഷിക്കുന്ന ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയില്‍ അറിയിച്ചു. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സലീം അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ സി സി ടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് സി ഐ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടിക്കലിലുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു.

---- facebook comment plugin here -----

Latest