Connect with us

Malappuram

ജില്ലയിലെ ആര്‍ ടി ഓഫീസുകളില്‍ വാഴുന്നത് ഏജന്റുമാര്‍

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ആര്‍ ടി ഓഫീസുകളിലെ ഉദ്യോഗസ്ഥന്‍മാരെ ഭരിക്കുന്നത് ഏജന്റുമാര്‍. ഉദ്യോഗസ്ഥരെ കണ്ടില്ലെങ്കിലും ഏപ്പോള്‍ ചെന്നാലും ഓഫീസുകളില്‍ ഏജന്റുമാരെ യഥേഷ്ടം കാണാം. ഏത് തരത്തിലുള്ള അപേക്ഷകളിലും ഇവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍പ്പുകല്‍പിച്ചുതരും. ഇതിനായി പ്യൂണ്‍ മുതല്‍ ഉയരങ്ങളിലുള്ളവരെ കാണേണ്ട പോലെ കാണണമെന്നു മാത്രം. കൈക്കൂലി നിയമപരമായി നിരോധിച്ചതുകൊണ്ടും ഉദ്യോഗസ്ഥര്‍ തിരക്കിലായതുകൊണ്ടും ഏജന്റുമാര്‍ ആപണിയേറ്റെടുത്തു. അപേക്ഷാ ഫീസിന്റെ മൂന്ന് മുതല്‍ നാലിരട്ടി വരെ നല്‍കണമെന്നു മാത്രം. 500 രൂപയുടെ അപേക്ഷക്ക് 1500 മുതല്‍ 2000 വരെ നല്‍കണം. കൈമടക്കില്ലാതെ കാര്യം നേടുക ആര്‍ ടി ഓഫീസുകളില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജോലിയും ഉപേക്ഷിച്ച് ആര്‍. ടി ഓഫീസിന്റെ വരാന്തകളില്‍ പലതവണ നടക്കേണ്ടിവരുന്നതിന്റെ ഭയപ്പാടില്‍ മിക്കവരും കൈക്കൂലി നല്‍കി കാര്യം നേടിയെടുക്കും. ഏത് അപേക്ഷയുമാവട്ടെ, പണം അടച്ചാല്‍ കൗണ്ടറിലുള്ള ഉദ്യോഗസ്ഥര്‍ ഒരാളെ ചൂണ്ടിക്കാട്ടി എല്ലാ പേപ്പറുകളും അയാളുടെ കൈയിലുണ്ട്., അയാള്‍ ശരിയാക്കി തരും എന്ന് സ്വകാര്യമായി മൊഴിയും. ഇയാള്‍ അപേക്ഷകന് മൊബൈല്‍ നമ്പര്‍ നല്‍കും. എല്ലാം ഞാന്‍ ശരിയാക്കി തരാം. അപേക്ഷ ശരിയായ ദിവസം ചെല്ലുമ്പോള്‍ തുടങ്ങും കൈക്കൂലിക്കായുള്ള സൂചനകള്‍.

ശരിയാക്കിയിട്ടുണ്ട്. ഫയല്‍ ഓഫീസറുടെ അടുത്തുണ്ട്. ഇനി ഒപ്പിടണം. ഇതിനര്‍ത്ഥം കിട്ടേണ്ടത് കിട്ടിയാല്‍ ഒപ്പിടാമെന്ന്. ഇതിന്റെ അര്‍ത്ഥം പിടികിട്ടിയവന് കാര്യം നേടി വേഗം പോകാം. അല്ലാത്തവന് കാര്യം പിടികിട്ടുന്നത് വരെ ആലോചിച്ച് തലപുണ്ണാക്കുകുക മാത്രമാണ് വഴി. ഏജന്റുമാര്‍ വഴിയല്ലാതെ അപേക്ഷയുമായി ചെന്നാല്‍ ഉടന്‍ കേള്‍ക്കാം നിങ്ങള്‍ ക്യൂവിലാണ്, ഇന്ന് ഒന്നും നടക്കില്ല. ഉദ്യോഗസ്ഥര്‍ പറയുന്നത് സത്യമാണ്.
അത്രത്തോളം അപേക്ഷകള്‍ കുന്നുകൂടി കിടക്കുന്നുണ്ട്. ഓരോ ഏജന്റുമാരും 25 മുതല്‍ 50 അപേക്ഷകള്‍ വരെയാണ് കൊണ്ടുവരുന്നത്. ഇവരുടെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ച ശേഷമേ പുതിയ അപേക്ഷ ലഭിക്കൂ. ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള ഫയലുകള്‍ കണ്ടെത്തിയിരുന്നു. ഏജന്റുമാരുടെ അപേക്ഷകളില്‍ പ്രത്യേക നമ്പറുകളാണ് രേഖപ്പെടുത്തുന്നത്. മാസപ്പടി കൃത്യമായി കണക്കാക്കാന്‍ ഇതുപകരിക്കും. ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയാല്‍ കൈകൂലിയായി കിട്ടിയ പണം ജനവാതിലിലൂടെ പുറത്തെറിയും. അല്ലെങ്കില്‍ ഒരു സംഖ്യ വീണ് കിട്ടിയിട്ടുണ്ടെന്ന് കാണിച്ച് പുറത്ത് ചുമരില്‍ നോട്ടീസ് പതിക്കും.
അങ്ങിനെ പലതരം തന്ത്രങ്ങള്‍ ഓഫീസിലുള്ളവര്‍ക്ക് മനപാഠമാണ്. ഓരോ റെയ്ഡുകളിലും ഇത്തരത്തില്‍ പണം പിടികൂടാറുണ്ടെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടാകാറില്ല. ഇതിനാല്‍ പിറ്റെ ദിവസം മുതല്‍ പഴയപടിയാവുകയും ചെയ്യും.