Connect with us

Wayanad

ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

Published

|

Last Updated

മാനന്തവാടി: ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച പോലീസുകാരന്റെ ഫോട്ടോ പകര്‍ത്തിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതായി പരാതി.
ഇത് സംബന്ധിച്ച് തലപ്പുഴ തെക്കേക്കര ടി വി ജ്യോതീഷ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. കഴിഞ്ഞ ദിവസം ബന്ധു ദിപിന്റെ കൂടെ ബൈക്കില്‍ കൊയിലേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പുറകിലായി പോലീസ്‌കാരന്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച് വരുന്നുണ്ടായിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തു എന്ന സംശയത്താല്‍ പോലീസുകാരന്‍ വാഹനം തടഞ്ഞ് നിറുത്തി മൊബൈല്‍ ഫോണും വാഹനത്തിന്റെ രേഖകളും പരിശോധിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ചെറിയച്ചനെ കാര്യം അറിയിക്കുന്നതിനിടയില്‍ പ്രകോപിതനായ പോലീസുകാരന്‍ മര്‍ദ്ദിച്ചു. കൂടാതെ ഇതേ സമയം ഇതു വഴി വന്ന പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയ യൂണിഫോം ധരിക്കാത്ത പോലീസുകാരനും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ട് പേരേയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും ജീപ്പില്‍ നിന്നും മര്‍ദ്ദിക്കുകയും ചെയ്തു. മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ജീപ്പില്‍ നിന്ന് വലിച്ചിഴക്കുകയും സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാരും കൂടി ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുനെന്ന് ജ്യോതിഷ് പറഞ്ഞു.
യാതൊരു തെറ്റും ചെയ്യാത്ത തങ്ങളെ അകാരണാമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Latest