Connect with us

Ongoing News

500 കിടക്കകളുള്ള ആശുപത്രിക്കും മെഡിക്കല്‍ കോളജിനും നഴ്‌സിംഗ് കോളജുകള്‍

Published

|

Last Updated

തൃശൂര്‍: പുതിയ നഴ്‌സിംഗ് കോളജ് ആരംഭിക്കുന്നതിന് മെഡിക്കല്‍ കോളജുകള്‍ക്കും 500 കിടക്കകളുള്ള ആശുപത്രികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ സര്‍വകലാശാലാ അക്കാദമിക്ക് കൗണ്‍സില്‍ തീരുമാനിച്ചു.
500 കിടക്ക ഉണ്ടായാല്‍ പോരാ. 80 ശതമാനം രോഗികള്‍ ഉണ്ടാകണമെന്നും നിഷ്‌കര്‍ഷിക്കും. നഴ്‌സിംഗ് ഫാക്കല്‍ട്ടിയുടെ ഈ ശിപാര്‍ശ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച് സര്‍വകലാശാല ഗവേണിംഗ് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ച് നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കാം. സര്‍വകലാശാലയുടെ തിയറി പരീക്ഷകള്‍ നടത്തുന്ന ഹാളുകളില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കാനും സി സി ടി വി ക്യാമറ നിര്‍ബന്ധമായും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
സര്‍വകലാശാല ആവിഷ്‌കരിച്ച നൂതന പരീക്ഷാ സമ്പ്രദായവും ഇരട്ട മൂല്യനിര്‍ണയവും കുറ്റമറ്റതാണെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ യോഗം ഐകകണ്‌ഠ്യേന സംതൃപ്തി പ്രകടിപ്പിച്ചു. പുനര്‍ മൂല്യ നിര്‍ണയം വേണ്ടെന്ന തീരുമാനവും ശരിവെച്ചു. പി ജി മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷകള്‍ക്ക് മോഡറേഷന്‍ വേണ്ടെന്ന ബോര്‍ഡ് ഓഫ് സ്റ്റഡീസ് തീരുമാനവും അംഗീകരിച്ചു. സര്‍വകലാശാലയില്‍ കോളജുകളുടെ അഫിലിയേഷന്‍ സംബന്ധിച്ച് മുന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പ്രകാരം അഫിലിയേഷന്‍ കലന്‍ഡര്‍ തയ്യാറാക്കും. കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ കിട്ടാന്‍ അപേക്ഷ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചുള്ളതാണ് കലന്‍ഡര്‍.