Connect with us

Eranakulam

വാര്‍ഡന്റെ കണ്ണില്‍ മുളക് പൊടി വിതറി ആറ് കുട്ടിക്കുറ്റവാളികള്‍ തടവ് ചാടി

Published

|

Last Updated

കൊച്ചി: കുട്ടിക്കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ കാക്കനാട്ടുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് ആറ് കുട്ടികള്‍ തടവുചാടി. വാര്‍ഡന്റെ കണ്ണില്‍ മുളകുപൊടി വിതറി മുറിയില്‍ പൂട്ടിയിട്ടാണ് ഇവര്‍ പുറത്തു ചാടിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആറ് പേരാണ് ഇവിടെ കഴിയുന്നത്. മലയാളികളായ രണ്ടു പേരും ഇതര സംസ്ഥാനക്കാരായ നാലുപേരും.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തടവുകാരില്‍ ഒരാള്‍ക്ക് കുളിക്കണമെന്ന് പറഞ്ഞു. വാര്‍ഡന്‍ വാതില്‍ തുറന്നപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് വാര്‍ഡനെ വലിച്ച് മര്‍ദിക്കുകയും മുളകുപൊടി വിതറുകയും ചെയ്തതായി വാര്‍ഡന്‍ തോമസ് പറഞ്ഞു. കുട്ടികള്‍ ഓടിപ്പോകുന്നത് കണ്ടു തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ സൂപ്രണ്ടിനോട് പറയുകയായിരുന്നു.
സൂപ്രണ്ട് അറിയിച്ചതനുസരിച്ചാണ് തൃക്കാക്കര പോലീസ് എത്തിയത്. വാര്‍ഡനെ ആക്രമിച്ച ശേഷം മൊബൈല്‍ ഫോണും തട്ടിയെടുത്താണ് ചാടിപ്പോയതെന്ന് വാര്‍ഡന്‍ തോമസ് പറഞ്ഞു. ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് നേരത്തേയും കുട്ടി കുറ്റവാളികള്‍ ചാടിപ്പോയിട്ടുണ്ട്.
പുറത്തുനിന്ന് മറ്റാരും എത്താത്ത ഒബ്‌സര്‍വേഷന്‍ ഹോമില്‍ എങ്ങനെ മുളകുപൊടി ലഭിച്ചുവെന്നതും മുളകുപൊടി വിതറിയിട്ട് വാര്‍ഡന്റെ കണ്ണുകളില്‍ വീഴാതിരുന്നതും ദുരൂഹമാണെന്ന് പോലീസ് പറഞ്ഞു.
തൃക്കാക്കര എ സി വാര്‍ഡനെ ചോദ്യം ചെയ്തു. ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നു ചാടിപ്പോയവര്‍ വാര്‍ഡന്റെ ഫോണുമായി പോയതുകൊണ്ട് പോലീസിന് അവരെ കണ്ടെത്താന്‍ വിഷമമുണ്ടാവില്ലെന്നാണ് പോലീസിന്റെ വിശ്വാസം.

Latest