Connect with us

National

പ്രക്ഷോഭം ശക്തം; സീമാന്ധ്ര ഇരുട്ടില്‍

Published

|

Last Updated

ഹൈദരാബാദ്/ ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സീമാന്ധ്ര ഇരുട്ടില്‍. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ തീരദേശ ആന്ധ്രയിലെയും രായലസീമയിലെയും ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. വൈദ്യുതി ഉത്പാദനവും വിതരണവും തടസ്സപ്പെട്ടതോടെ സീമാന്ധ്രക്ക് പുറമെ തലസ്ഥാനമായ ഹൈദരാബാദിലും പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ ഇന്നലെയും സര്‍വീസ് റദ്ദാക്കി.
6,090 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിടത്ത് 2,990 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇന്നലെ ഉത്പാദനം. 3,937 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഇന്നലെ 1,694 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചിട്ടുള്ളത്. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലയങ്ങള്‍ ഇന്ധനത്തിന്റെ ലഭ്യതയില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി തൊഴിലാളികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാബിനറ്റ് സബ് കമ്മിറ്റി തൊഴിലാളി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തൊഴിലാളി പ്രതിനിധികളുമായി മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി നാളെ ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രി എ രാമനാരായണ റെഡ്ഢി അറിയിച്ചു.
അതേസമയം, ഐക്യ ആന്ധ്ര ആവശ്യമുന്നയിച്ച് ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. അക്രമ സംഭവങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വിജയനഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെയും തുടര്‍ന്നു. പ്രദേശത്ത് ക്രമസമാധാനം സാധാരണനിലയിലായിട്ടുണ്ടെന്ന് ഡി ഐ ജി. പി ഉമാപതി അറിയിച്ചു. അക്രമസംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ സംസ്ഥാന പോലീസിന് പുറമെ അര്‍ധ സൈനിക വിഭാഗങ്ങളും പട്രോളിംഗ് നടത്തി. 34 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെലങ്കാന രൂപവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സീമാന്ധ്രയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. മാനവവിഭവ ശേഷി മന്ത്രി പള്ളം രാജുവിന്റെ നേതൃത്വത്തില്‍ സഹമന്ത്രിമാരായ കെ എസ് റാവു, പുരന്ദരേശ്വരി, കൊട്‌ല സൂര്യപ്രകാശ് റെഡ്ഢി, കില്ലി കൃപറാണി എന്നിവരാണ് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടത്.
ആന്ധ്രാപ്രദേശിനെ വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് തെലുഗുദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്, രാഷ്ട്രീയം കളിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇതേ ആവശ്യമുന്നയിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടര്‍ന്നു. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ ഈ മാസം മൂന്നിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയതോടെയാണ് തീരദേശ ആന്ധ്രയില്‍ പ്രക്ഷോഭം ശക്തമായത്.

Latest