Connect with us

Kerala

ജനനം മുതല്‍ 18 വയസ്സ് വരെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പദ്ധതി

Published

|

Last Updated

കണ്ണൂര്‍: കുഞ്ഞിന്റെ ജനനം മുതല്‍ 18 വയസ്സ് വരെയുള്ള ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാറിന്റെ വിപുലമായ പദ്ധതിയൊരുങ്ങുന്നു. ദേശീയാരോഗ്യ ഗ്രാമീണ മിഷന്‍ മഹാരാഷ്ട്രയിലെ താനെയില്‍ നടപ്പാക്കിയ “രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം” എന്ന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളുടെ സമഗ്ര ചികിത്സക്കുള്ള വഴിയൊരുങ്ങുന്നത്.

സംസ്ഥാനത്തെ പ്രസവ ശുശ്രൂഷ നടത്തുന്ന 44 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന്റെ ആദ്യ ഘട്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ 30ഓളം രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കാനും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മുഴുവന്‍ രോഗങ്ങള്‍ക്കും ചികിത്സ നല്‍കാനുമാണ് പദ്ധതി നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളെ മൂന്ന് ലക്ഷ്യഗ്രൂപ്പുകളായി തരംതിരിച്ചാണ് ചികിത്സ നടത്തുക. ജനനം മുതല്‍ ആറാഴ്ച വരെയും ആറാഴ്ച മുതല്‍ ആറ് വയസ്സ് വരെയും ആറ് വയസ്സ് മുതല്‍ 18 വരെയും പ്രായ ഗ്രൂപ്പുകളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തന പ്രകാരം 8,000ത്തോളം നവജാത ശിശുക്കളെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കിയതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നവജാത ശിശുക്കളുടെ തലച്ചോറിനെയുള്‍പ്പെടെ ബാധിക്കുന്ന ഹൈപ്പോതെറോയ്ഡ് പോലുള്ള രോഗങ്ങള്‍ കണ്ടെത്താനും കൃത്യമായി ചികിത്സ നല്‍കാനും ഇതിനകം കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജന്മനായുള്ള വൈകല്യങ്ങള്‍, വിവിധ ഘടകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍, വളരുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് ആര്‍ ബി എസ് കെ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നവജാത ശിശു ക്ലിനിക്കുകളിലാണ് ആദ്യ പരിശോധനകള്‍ നടത്തുന്നത്.
ക്ലബ്ഫൂട്ട്, അനീമിയ, ഗോയിറ്റര്‍, റിക്കെറ്റ്‌സ് (ഗ്രഹണി) തുടങ്ങി ജന്മനാ ഉണ്ടാകുന്ന 14 തരം രോഗങ്ങളാണ് ഈ ക്ലിനിക്കിലൂടെ കണ്ടെത്തുക. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍മാരോട് ആശയ വിനിമയം നടത്താനും സൗകര്യമൊരുക്കും. കുട്ടിക്കാലത്ത് ഉണ്ടായേക്കാവുന്ന 30ഓളം രോഗങ്ങളാണ് കണ്ടെത്തി ചികിത്സിക്കുക. ഓട്ടിസം, ഭൂമാറ്റിക് ഹാര്‍ട്ട്, ബിഹേവിയറല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സന്ദര്‍ശനങ്ങളിലൂടെയും അങ്കണ്‍വാടികള്‍ കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിലൂടെയും മറ്റുമാണ് ഇത്തരം രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ കണ്ടെത്തുക. ഇവരെ വിദഗ്ധ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിച്ച് മുഴുവന്‍ ചികിത്സയും സൗജന്യമായി നല്‍കും. ആറ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള രോഗ പരിശോധനകളാണ് നടത്തുക.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഔദ്യോഗിക പ്രഖ്യാപനം നടന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തൃശൂര്‍, എറണാകുളം കേന്ദ്രങ്ങളില്‍ പരിശീലനവും തുടങ്ങി.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest