Connect with us

Ongoing News

ഷൊര്‍ണൂര്‍ - കാരക്കാട് പാതയില്‍ പരീക്ഷണ ഓട്ടം നടത്തി

Published

|

Last Updated

പാലക്കാട്: ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്ന ഷൊര്‍ണൂര്‍- കാരക്കാട് റെയില്‍പ്പാതയില്‍ പരീക്ഷണ ഓട്ടം നടത്തി. ഇതോടാപ്പം റെയില്‍വേ സേഫ്റ്റി കമ്മീഷന്റെ സാന്നിധ്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഷൊര്‍ണൂര്‍ – കാരക്കാട് ഇരട്ടിപ്പിക്കല്‍ ജോലി പതിനാലിന് പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പതിനാറാം തീയതി മുതല്‍ സാധാരണ പോലെ സര്‍വീസ് പുനരാരംഭിക്കും.
ഇന്നലെ മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി തീവണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിയത്. കോയമ്പത്തൂരില്‍ നിന്ന് 4.55ന് കാരക്കാടെത്തിയ തീവണ്ടി ഷൊര്‍ണൂരില്‍ 5.15ന് എത്തി.—തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍- എറണാകുളം സിറ്റി എക്‌സ്പ്രസ്, മംഗളൂരു – ചെന്നെ മെയില്‍ ഷൊര്‍ണൂരില്‍ പുതുതായി നിര്‍മിച്ച ട്രാക്കിലൂടെ ഓടി. തീവണ്ടിപ്പാതകളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിന് വേണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഷൊര്‍ണൂരില്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇവിടെനിന്നും പുറപ്പെടുന്ന പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.
സിഗ്‌നല്‍ ജോലികള്‍ നടക്കുന്നതിനാലാണ് ഈ മാസം 16 വരെ പാസഞ്ചര്‍ തീവണ്ടികള്‍ ഓടാത്തത്. അതേസമയം കോഴിക്കോടിനും മംഗലാപുരത്തിനുമിടയില്‍ പുതിയതായി അനുവദിച്ച സ്‌പെഷ്യല്‍ എക്‌സ്പ്രസ് സര്‍വീസ് യാത്രക്കാര്‍ക്ക് അല്‍പ്പം ആശ്വാസമായി. രാവിലെ 6.30ന് മംഗലാപുരത്തുനിന്നും പുറപ്പെട്ട് 11.55ന് കോഴിക്കോട്ടെത്തി വൈകുന്നേരം അഞ്ചിന് കോഴിക്കോട്ടുനിന്നും യാത്രതിരിച്ച് 9.50ന് മംഗലാപുരത്ത് മടങ്ങിയെത്തുന്ന സമയക്രമത്തിലാണ് ഇതിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 16 വരെ ഈ ട്രെയിന്‍ സര്‍വീസ് നടത്തും.—പാലക്കാട് – നിലമ്പൂര്‍ പാസഞ്ചര്‍, അങ്ങാടിപ്പുറത്തിനും നിലമ്പൂരിനുമിടയില്‍ ഓടുന്ന പാസഞ്ചറുകള്‍ എന്നിവ 16 വരെ ഓടില്ല.—പാലക്കാട് ടൗണ്‍-തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ്, നിലമ്പൂര്‍- തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ 16 വരെ ഷൊര്‍ണൂരില്‍ വരാതെ ലിങ്ക് വഴി കടന്നുപോകും.