Connect with us

Editorial

കൂടുതല്‍ വഷളാകുന്ന സമ്പദ്ഘടന

Published

|

Last Updated

ഭരണരംഗത്തെ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ അനന്തര ഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വിടവ് വര്‍ധിച്ചു വരികയാണ്. ചെലവില്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ നികുതിവരുമാനത്തില്‍ ഒമ്പത് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 20 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് 11 ശതമാനത്തിന്റെ വളര്‍ച്ച മാത്രം. ഭരണസ്തംഭനം ഒഴിവാക്കാന്‍ 750 കോടി രൂപയുടെ കടപ്പത്രമിറക്കുന്നതിന് പുറമെ അവശ്യ സര്‍വീസുകളുടെ ഫീസുകള്‍ കൂട്ടുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
അവിചാരിതമായി ആവിര്‍ഭവിച്ചതല്ല സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയിലാഴ്ത്തിയെന്നും കടം വീട്ടാന്‍ വായ്പ്പയെടുക്കേണ്ട അവസ്ഥയോളം കാര്യങ്ങളെത്തിച്ചെന്നുമുള്ള മുന്‍കൂര്‍ ജാമ്യപ്രഖ്യാപനത്തോടെയാണ് 2011 മെയില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. റവന്യൂ കമ്മിയും പദ്ധതിയേതര ചെലവും കുറച്ചു ഇതിന് പരിഹാരം കാണുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പക്ഷേ സമ്പദ്ഘടനയുടെ കൂടുതല്‍ മോശമായ ചിത്രമാണ് ഒരു കൊല്ലം പിന്നിട്ട ശേഷം 2012 ലെ ബജറ്റിന്റെ മുന്നോടിയായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തന്റെ കടബാധ്യത 8000 കോടി രൂപ വര്‍ധിച്ചു 78,673.24 കോടിയില്‍ നിന്ന് 87063.83 കോടിയിലെത്തുകയുണ്ടായി. ഏറ്റവും കൂടുതല്‍ കടക്കെണി നേരിടുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കഴിഞ്ഞ ധനകാര്യ കമ്മീഷന്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു
നികുതിയും സേവന മേഖലകളിലെ ഫീസുകളും വര്‍ധിപ്പിച്ചല്ല, ജനങ്ങളുടെ മേല്‍ അമിതഭാരം കെട്ടിയേല്‍പ്പിക്കാത്ത നടപടികളിലൂടെയാണ് സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കേണ്ടത്. അഴിമതി ഇല്ലായ്മ ചെയ്യുക, നികുതി പിരിവ് ഊര്‍ജിതമാക്കുക, നികുതി വെട്ടിപ്പ് തടയുക, ഭരണരംഗത്തെ ധൂര്‍ത്ത് കുറക്കുക തുടങ്ങി പല മാര്‍ഗങ്ങളും സര്‍ക്കാറിന്റെ മുമ്പിലുണ്ട്. ഇത്തരം കാര്യങ്ങള്‍ ഏത് ഭരണത്തിലും പ്രഖ്യാപനത്തിലൊതുങ്ങുകയാണ് പതിവ്. ചെലവ് ചുരുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന മന്ത്രിമാരുടെ ധൂര്‍ത്തിന്റെ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.07 കോടിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു. വൈദ്യുതി ക്ഷാമം മുലം സംസ്ഥാനം ഇരുട്ടില്‍ തപ്പിയ ഘട്ടത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ വസതികളിലെ വൈദ്യുതി ബില്ലടക്കാന്‍ ചെലവായത് ലക്ഷങ്ങളായിരുന്നു. മന്ത്രിമാരുടെ ഫോണ്‍ വിളി, ഔദ്യോഗിക സത്ക്കാരങ്ങള്‍, യാത്രകള്‍ തുടങ്ങിയ ഇനങ്ങളിലും പൊതുഖജാനാവിന് കോടികളുടെ ബാധ്യതകള്‍ വന്നുചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മുലം ഓണക്കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വായ്പയെടുക്കേണ്ട ഗതികേടിലെത്തിയിട്ടും ടൂറിസം വാരാഘോഷത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 15,000 ഓളം തസ്തികകള്‍ സൃഷ്ടിച്ചതുവഴി പ്രതിവര്‍ഷം 450 കോടി രൂപയുടെ അധിക ബാധ്യതയയും വന്നു ചേര്‍ന്നു. അടിയന്തരപ്രാധാന്യമുള്ളവയായിരുന്നില്ല ഈ തസ്തികകളിലേറെയും.
നികുതിപിരിവിലെ അനാസ്ഥയും നികുതി വെട്ടിപ്പുകാര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ ചൂട്ട്പിടിക്കുന്നതുമാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനക്കുറവിന് കാരണം. വാണിജ്യ നികുതി ഓഫീസില്‍ നിന്നും എട്ട് കോടി രൂപയുടെ ഫയല്‍ മുക്കി തല്‍സ്ഥാനത്ത് വ്യാജ ഫയല്‍ വെച്ചതായി ഇതിനിടെ കാസര്‍ക്കോട് വ്യാണിജ്യ നികുതി ഓഫീസില്‍ കണ്ടെത്തിയിരുന്നു. ഇത്തരം വെട്ടിപ്പുകളും തട്ടിപ്പുകളും സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും നടക്കുന്നുണ്ടെന്നത് രഹസ്യമല്ല. അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടും നികുതി വെട്ടിപ്പിന് കുറവില്ല. ചെക്ക്‌പോസ്റ്റുകളിലെ നികുതി ചോര്‍ച്ചയിലുടെ പ്രത്യക്ഷത്തില്‍ സംസ്ഥാനത്തിന് വര്‍ഷാന്തം 150 കോടിയുടെ നഷ്ടമുണ്ടാകുന്നതായി കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കടത്തുന്ന ചരക്കിന്റെ മൂന്നിലൊന്നോ പകുതിയോ മാത്രം ബില്ലില്‍ കാണിക്കുക വഴിയും മറ്റും പരോക്ഷമായ നികുതി വെട്ടിപ്പുകള്‍ പുറമെയും. വാണിജ്യ വകുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്നതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഗ്രൂപ്പ് വഴക്കുകളും ഘടക കക്ഷികള്‍ക്കിടയിലെ പടലപ്പിണക്കവും സോളാര്‍ പോലുള്ള തട്ടിപ്പ് കേസുകളും കാരണം ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ അവശേഷിക്കുകയാണ്. സമഗ്ര ചര്‍ച്ചയിലൂടെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിന് സാധിക്കാത്തതിന് ഈ രാഷ്ട്രീയ പശ്ചാത്തലവും പ്രധാന കാരണമാണ്.