Connect with us

Articles

ഭൂരഹിതരില്ലാത്ത കേരളം; ഹാ, എത്ര സുന്ദരം!

Published

|

Last Updated

ഭൂരഹിതരുടെ എണ്ണം കുറയുന്നതിന് പകരം എണ്ണം കൂടുന്നതെന്തുകൊണ്ടെന്നു വ്യക്തമല്ലേ? ഒരു തുണ്ട് ഭൂമി മാത്രമുള്ള പതിനായിരങ്ങളാണ് കേരളത്തില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വിവിധ വികസന പദ്ധതികളുടെ പേരില്‍ തെരുവാധാരമാക്കപ്പെടുന്നവര്‍ ഒരു വശത്തും ഭൂമിയുടെ കുത്തകാവകാശം പേറുന്ന ചെറു ന്യൂനപക്ഷം മറുപക്ഷത്തും എന്ന ധ്രുവീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍, സാധു ജനങ്ങള്‍ക്ക് നല്‍കേണ്ടത് മൂന്ന് സെന്റ് ഭൂമിയല്ല. അവര്‍ക്കാവശ്യം കൃഷിഭൂമിയാണ്. വിലക്കയറ്റം മൂലം നടുവൊടിയുന്ന കേരളീയര്‍ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ കൃഷിഭൂമി കണ്ടെത്തണം.

“ഗരീബി ഹഠാവോ” എന്ന മുദ്രാവാക്യം ഒരിക്കല്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുകയും പിന്നീട് ദരിദ്രരെ വിറകൊള്ളിക്കുകയും ചെയ്ത ചരിത്രം നമ്മുടെ മുമ്പിലുണ്ട്. 70കളില്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് “ഗരീബി ഹഠാവോ”. പക്ഷേ, ഇന്ദിരയുടെ കാലത്ത് തന്നെ നിര്‍മാര്‍ജന ഭീഷണി നേരിട്ടത് രാജ്യത്തെ ദരിദ്രരാണ്. ദരിദ്രന്‍ ഹഠാവോ ചെയ്യപ്പെടുന്ന സാമ്പത്തിക ജീവിത പ്രതിസന്ധികള്‍ മാത്രം സമ്മാനിച്ച് ഇന്ദിരാ ഗാന്ധിയുടെ പദ്ധതി അകാല മൃത്യു പ്രാപിച്ചു. ഇന്നിതാ ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ പോകുന്നു. ഇന്ദിരാ ഗാന്ധിയുടെ സ്ഥാനത്ത് സോണിയാ ഗാന്ധിയാണ് പ്രക്ഷേപക. വേദി കേരളമാണെന്നു മാത്രം. കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റിക്കളയുമെന്നാണ് ഭീഷണി.
ഇന്ത്യയെ ഭൂരഹിതരില്ലാ രാജ്യമാക്കുമെന്ന് പ്രഖ്യാപിക്കാതിരുന്നത് ഭാഗ്യം. കോടിക്കണക്കിന് ജനങ്ങള്‍ തെരുവില്‍ അന്തിയുറങ്ങുന്ന രാജ്യത്ത് അവര്‍ക്ക് തല ചായ്ക്കാന്‍ ഒരിടം ഉണ്ടാക്കിക്കൊടുക്കാന്‍ ദേശീയ കോണ്‍ഗ്രസിനോ ഹിന്ദുത്വ ബി ജെ പിക്കോ ഇന്നേവരെ കഴിഞ്ഞിട്ടില്ലല്ലോ? യഥാര്‍ഥത്തില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കളി തുടങ്ങുന്നതേയുള്ളു. അതിനും അതിനപ്പുറവും പ്രഖ്യാപനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
കേരളത്തിലെ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കി ഭൂരഹിത കേരളം നിര്‍മിച്ചുകളയുമെന്ന് സോണിയാജിയോ ഉമ്മന്‍ജിയോ പ്രഖ്യാപിച്ചാല്‍ അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. റാഗിയോ ചോളമോ കഴിക്കുന്നവര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഭൂരഹിതരില്ലാത്ത കേരളം യു ഡി എഫിന്റെ “സ്വപ്‌നം” എന്ന് പറഞ്ഞ രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ ഏതെങ്കിലും ബാലഭാസ്‌കരന്‍മാര്‍ ഏറ്റെടുത്തേക്കാമെന്നു മാത്രം. കേരളത്തില്‍ കൃഷി ഭൂമിക്കു വേണ്ടി റവന്യു വകുപ്പില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന മൂന്നര ലക്ഷം പേരുണ്ട്. അവര്‍ ആവശ്യപ്പെടുന്നത് മൂന്ന് സെന്റ് ഭൂമിയല്ല. കൃഷി ഭൂമിയാണ്. അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ പഴയ ലക്ഷം വീട് കോളനി വാഴ്ച മനസ്സില്‍ വെച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് സെന്റ് പദ്ധതി കേരളത്തിലെ ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്കു പോലും ഇതുവരെ ലഭിച്ചിട്ടില്ല. കാരണം, അതിനുള്ള ഭൂമി ഇനിയും കണ്ടെത്തിയില്ലെന്നതു തന്നെ. എന്തിനേറെ, വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട ചെങ്ങറ പാക്കേജ് നടപ്പാക്കാന്‍ ഭൂമി കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വിലപിക്കുന്ന റവന്യു വകുപ്പ് മന്ത്രിമാരാണ് നമുക്കുള്ളത്. അതുകൊണ്ടു തന്നെ, ഹാരിസണ്‍ മുതലാളിയുടെ പാട്ടക്കാലാവധി കഴിഞ്ഞ ചെങ്ങറ എസ്റ്റേറ്റ് സമരക്കാര്‍ ബലം പ്രഖ്യാപിച്ച് പിടിച്ചെടുത്തതിനാല്‍ മാത്രമാണ് അവര്‍ക്ക് “ആയിരത്തോളം കുടുംബങ്ങള്‍ക്ക്” കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയുന്നത്. ഓരോ കുടുംബത്തിനും 50 സെന്റ് വീതം വീതിച്ച് കൊടുക്കാന്‍ ളാഹ ഗോപാലന് കഴിഞ്ഞുവെന്നത് നിസ്സാര കാര്യമല്ല.
സാധുജനങ്ങള്‍ മരിച്ചാല്‍ അടക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ അടുക്കളയില്‍ സംസ്‌കാരം നടത്തേണ്ടിവരുന്ന അവസ്ഥക്കു പരിഹാരമുണ്ടാക്കാന്‍ എല്‍ ഡി എഫിനോ യു ഡി എഫിനോ ഇനിയും കഴിയാത്തതിന് കാരണമെന്തെന്ന് അധികം വിസ്തരിക്കാതെ തന്നെ അറിയാവുന്നതാണല്ലോ. ഹാരിസണ്‍ കമ്പനി 76,000 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ആ ഭൂമി സര്‍ക്കാറിന് എന്നു വേണമെങ്കിലും തിരിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്നതാണ് വസ്തുത. അതിനൊരു നിയമതടസ്സവുമില്ല. പക്ഷേ, പാട്ടക്കാരന്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി മറിച്ചു വില്‍ക്കുകയാണ്. ഹാരിസണ്‍ മാത്രമല്ല തിരുവല്ലയിലെ കെ പി യോഹന്നാന്‍ മൂവായിരം ഏക്കര്‍ ഭൂമിയാണ് എരുമേലി വില്ലേജില്‍ മറിച്ചു വിറ്റത്. പാട്ടക്കാരന് സര്‍ക്കാര്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ ആരാണ് അധികാരം നല്‍കിയത്? ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? പക്ഷേ, സാധുജനങ്ങള്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ല.

2007ലെ ജസ്റ്റിസ്റ്റ് മനോഹരന്‍ കമ്മിറ്റിയും അക്കാലത്ത് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന നിവേദിതാ പി ഹരനും വ്യക്തമായി ചൂണ്ടിക്കാണിച്ച കാര്യം ഹാരിസണ്‍ കമ്പനിയില്‍ നിന്നും 76,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാമെന്നാണ്. 2013ല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് 56,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന കാര്യം. പക്ഷേ, അതിലും ഹാരിസണ്‍ കമ്പനി “സ്റ്റേ” വാങ്ങി. ഇപ്പോള്‍ പുതിയ കേസുകള്‍ ഏറ്റെടുക്കാന്‍ കോടതി തയ്യാറാകാത്ത സാഹചര്യവുമുണ്ട്. നമ്മുടെ രാജ്യത്തെ ഭൂമിയിന്‍മേല്‍ കുത്തകാവകാശം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. പക്ഷേ, 2015 ഓടെ തിരഞ്ഞെടുക്കപ്പെട്ട 2, 43, 928 പേര്‍ക്ക് ഭൂമി നല്‍കുമെന്ന് മന്ത്രിപ്പട ഒന്നടങ്കം തട്ടിമൂളിക്കുകയാണ്. ഭവനരഹിതര്‍ ആരും പിന്നീട് കേരളത്തില്‍ ഉണ്ടാകില്ലത്രേ! അതിന്റെ ആദ്യ പടിയായി സോണിയാജി പട്ടയം കൊടുത്ത ആറ് പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് വെച്ചു കൊടുക്കുമെന്നും പ്രഖ്യാപിച്ച്, സ്വയം കൈയടിച്ച് കൃതാര്‍ഥരായാണ് നേതാക്കള്‍ തിരുവനന്തപുരം വിട്ടത്. വാഗ്ദാനലംഘനത്തിന്റെ ഇത്തരം വാക്കുകള്‍ എത്രാമത്തെ തവണയാണ് സാധുജനങ്ങള്‍ കേള്‍ക്കുന്നത്. മാറി മാറിവരുന്ന എല്ലാ സര്‍ക്കാറുകളും ഇത്തരം വാഗ്ദാനങ്ങള്‍ വെച്ചുനീട്ടുന്ന സമയത്തെക്കുറിച്ചും ജനങ്ങള്‍ക്കറിയാം. തിരഞ്ഞെടുപ്പ് കാലമാണ് വാഗ്ദാനങ്ങളുടെ പെരുമഴക്കാലം. ഗുജറാത്തിലെ എണ്ണപ്പാടങ്ങള്‍ മുഴുവന്‍ റിലയന്‍സ് മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുത്ത നരേന്ദ്ര മോഡി, വികസനത്തിന്റെ പ്രതിപുരുഷനായി അവതരിക്കുന്നകാലത്ത് കോണ്‍ഗ്രസിന് ഇത്തരം ചെപ്പടി വിദ്യകളില്ലാതെ ജീവിക്കാനാകില്ലല്ലോ?
പക്ഷേ, കേരളത്തിലെ ഭൂരഹിതരായ ലക്ഷക്കണക്കിന് സാധുജനങ്ങളെ അപഹസിക്കരുത്. കബളിപ്പിക്കപ്പെടാന്‍ മാത്രമായി വാഗ്ദാനങ്ങള്‍ ചൊരിയുന്ന പാരമ്പര്യ രാഷ്ട്രീയ കാപട്യം തുടരാനാണോ ഭാവം? സ്വാതന്ത്ര്യലബ്ധിയുടെ ആറര പതിറ്റാണ്ടിന് ശേഷവും തെരുവുകളില്‍ അന്തിയുറങ്ങുന്ന ജനകോടികളുടെ ജീവിത സ്വപ്‌നങ്ങള്‍ക്ക് എന്തെങ്കിലും വില കല്‍പ്പിക്കാന്‍ നമ്മുടെ ദേശീയ രാഷ്ട്രീയ നേതൃത്വത്തിന് കഴിയുന്നില്ലെന്നത് ദുഃഖകരമാണ്.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയ പരിസ്ഥിതിയില്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന പിരിക്കാനും സാമ്പത്തിക സമാഹരണം നടത്താനും കുത്തകകളെ താലോലിക്കുകയാണ് ഏവരും ചെയ്യുന്നത്. അതുകൊണ്ടാണ് ടാറ്റയും ഹാരിസണും യോഹന്നാനുമൊക്കെ സര്‍ക്കാര്‍ ഭൂമികൈവശംവെച്ചനുഭവിക്കുന്നത്.
ഭൂരഹിതരുടെ എണ്ണം കുറയുന്നതിന് പകരം എണ്ണം കൂടുന്നതെന്തുകൊണ്ടെന്നു വ്യക്തമല്ലേ? ഒരു തുണ്ട് ഭൂമി മാത്രമുള്ള പതിനായിരങ്ങളാണ് കേരളത്തില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വിവിധ വികസന പദ്ധതികളുടെ പേരില്‍ തെരുവാധാരമാക്കപ്പെടുന്നവര്‍ ഒരു വശത്തും ഭൂമിയുടെ കുത്തകാവകാശം പേറുന്ന ചെറു ന്യൂനപക്ഷം മറുപക്ഷത്തും എന്ന ധ്രുവീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കുത്തക, മുതലാളിത്ത, വികസന കാലഘട്ടത്തില്‍ ആദിവാസികള്‍ക്കും രക്ഷയില്ല. കണ്ണ് തെറ്റിയാല്‍ ഭൂമി കൈയേറി വികസനം നടത്തിക്കളയും നമ്മുടെ കുത്തകകള്‍. വാസ്തവത്തില്‍, സാധു ജനങ്ങള്‍ക്ക് നല്‍കേണ്ടത് മൂന്ന് സെന്റ് ഭൂമിയല്ല. അവര്‍ക്കാവശ്യം കൃഷിഭൂമിയാണ്. വിലക്കയറ്റം മൂലം നടുവൊടിയുന്ന കേരളീയര്‍ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ കൃഷിഭൂമി കണ്ടെത്തണം. കേരളത്തിലെ 38.86 ലക്ഷം ഹെക്ടര്‍ വരുന്ന ഭൂവിസ്തൃതിയില്‍ കൃഷിക്ക് ഉപയുക്തമായ ഭൂമി ഏതാണ്ട് 53 ശതമാനമാണ്. എന്നാല്‍, അടുത്ത കാലത്തായി വിളവെടുക്കാവുന്ന ഭൂമി ഉപയോഗിക്കാത്തതിനാല്‍ തരിശുഭൂമിയുടെ വിസ്തൃതിയില്‍ 5727 ഹെക്ടര്‍ ഭൂമി കൂടിയതായി 2012ലെ സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പ്ലാന്റേഷന്‍ ഭൂമി ഏതാനും പിടി വരുന്ന കുത്തക മുതലാളിമാരുടെ കൈകളിലാണ്. അതൊഴിപ്പിക്കാതെ സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് ഒരു തുണ്ടുഭൂമിയും നല്‍കാനാകില്ലെന്നതാണ് സത്യം. എന്നാല്‍, ഇടതു-വലതു ഭേദമന്യേ മുന്നണികള്‍ ഈ സത്യം മൂടിവെക്കുകയാണ്. എന്നിട്ട് ജനങ്ങളെ കബിളിപ്പിക്കാന്‍ മുദ്രാവാക്യങ്ങള്‍ പടച്ചുണ്ടാക്കുന്നു. എന്നിട്ടത് പരസ്യം ചെയ്യുന്നു. “ഭൂരഹിതരില്ലാത്ത കേരളം പദ്ധതി”യുടെ പരസ്യത്തിന് മാത്രമായി എത്ര കോടിയാണ് ഈ സര്‍ക്കാര്‍ മുടക്കിയതെന്ന് അന്വേഷിച്ചാല്‍ നമ്മളൊക്കെ ഞെട്ടിപ്പോകും. ആ കണക്കുകള്‍ പുറത്തുവരട്ടെ. ദരിദ്രന്റെ അത്താഴം മുടക്കാന്‍ ആഗോള കുത്തകകളെ ക്ഷണിച്ചു വരുത്തുന്ന ഭരണാധികാരികള്‍ ദരിദ്രന്റെ പേരില്‍ അധികമധികം മുതലക്കണ്ണീര്‍ പൊഴിക്കുന്നത് അരോചകമാണ്.

---- facebook comment plugin here -----

Latest