Connect with us

Articles

ഹൃദയമേ, നിനക്കുവേണ്ടി

Published

|

Last Updated

നമ്മുടെ ഹൃദയം എത്രത്തോളം ശക്തമാണോ അത്രത്തോളം മൃദുലവുമാണ്. ഒരു മുഷ്ടിയോളം വലിപ്പമുള്ള ഈ അവയവം നമ്മുടെ നെഞ്ചിനകത്ത് പെരികാര്‍ഡിയം എന്ന ആവരണത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏകദേശം 300 ഗ്രാം തൂക്കം വരുന്ന ഹൃദയം നെഞ്ചിന്റെ ഇടത് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ലോകത്താകമാനമുള്ള മരണ നിരക്കിന്റെ 30 ശതമാനവും ഹൃദ്രോഗം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഹൃദ്രോഗികളുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ 40 വയസ്സിന് താഴെയുള്ള യുവജനങ്ങളില്‍ ഹൃദ്രോഗം ക്രമാതീതമായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാനസികമായ പിരിമുറുക്കം, അലസമായ ജീവിതശൈലി, മാറിവരുന്ന ഭക്ഷണ രീതി, പുകവലി എന്നിവയാണ് അതിന്റെ കാരണങ്ങളായി പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു ഇന്ത്യ. ജനിതകപരമായി നോക്കുമ്പോള്‍ യൂറോപ്യന്മാരെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാണ്. 1990 ല്‍ ഹൃദയാഘാതം മൂലം ഇന്ത്യയില്‍ മരിച്ചത് 25 ലക്ഷം പേരാണ്.
ഹൃദ്രോഗത്തിന്റെ പ്രഥമ ലക്ഷണം നെഞ്ചു വേദനയാണ്. എന്നാല്‍ നെഞ്ചു വേദനയുള്ള എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകണമെന്നില്ല. എങ്കിലും നെഞ്ചു വേദന ആളുകള്‍ക്ക് വളരെ അധികം ഉത്കണ്ഠ ഉണ്ടാക്കുന്ന ഒന്നാണ്.
ഹൃദ്രോഗംകൊണ്ടുള്ള നെഞ്ചു വേദന നെഞ്ചിന്റെ മധ്യഭാഗത്തു നിന്ന് തുടങ്ങി ഇരു വശങ്ങളിലേക്കും വ്യാപിക്കുന്നു. തുടര്‍ന്ന് തോളുകള്‍, കൈകള്‍, താടിയെല്ല്, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പുറംഭാഗം എന്നിവിടങ്ങളിലേക്കും ഈ വേദന വ്യാപിക്കാന്‍ ഇടയുണ്ട്. രോഗി വ്യായാമത്തില്‍ ഏര്‍പ്പെടുകയോ നടക്കുകയോ മറ്റോ ചെയ്യുമ്പോള്‍ നെഞ്ച് വേദന വരികയും നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ രണ്ട് മുതല്‍ അഞ്ച് മിനിട്ടുകള്‍ കൊണ്ട് മാറുകയും ചെയ്യും.
ഹാര്‍ട്ട് അറ്റാക്കി(ഹൃദയാഘാതം)നോട് അനുബന്ധിച്ചുള്ള വേദനയോടൊപ്പം വിയര്‍പ്പ്, ഛര്‍ദി, തലചുറ്റല്‍ എന്നിവയും ഉണ്ടായേക്കാം.
നെഞ്ചു വേദന പല കാരണങ്ങളാലും ഉണ്ടാകാം. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും കവചങ്ങളിലെ നീര്‍ദോഷം, അന്നനാളത്തിലെയും ആമാശയത്തിലെയും രോഗങ്ങള്‍, ഉത്കണ്ഠ, ഇസ്‌നോഫീലിയ, മാറിലെ മാംസപേശികളുടെയും സന്ധികളുടെയും ശോഷിപ്പ് എന്നിവയും നെഞ്ചു വേദനക്ക് കാരണങ്ങളാണ്.

നെഞ്ചു വേദന ഹൃദ്രോഗം മൂലമാണോ എന്നറിയണമെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. രക്ത പരിശോധന, നെഞ്ചിന്റെ എക്‌സ്‌റേ, ഇ സി ജി എന്നിവ ചെയ്താല്‍ ഹൃദ്രോഗമുണ്ടെങ്കില്‍ ഇ സി ജിയില്‍ വ്യത്യാസം കാണിക്കും. എന്നാല്‍, ചില രോഗികളുടെ ഇ സി ജിയില്‍ ഈ വ്യത്യാസം കാണുകയില്ല. ഒളിഞ്ഞിരിക്കുന്ന ഈ ഹൃദ്രോഗം വെളിപ്പെടുത്താന്‍ ട്രെഡ്മിന്‍ എക്‌സര്‍ പരിശോധന ചെയ്യേണ്ടിവരും. 40 വയസ്സ് കഴിഞ്ഞവര്‍ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആവശ്യമായ പരിശോധന നടത്താന്‍ ശ്രദ്ധിക്കണം.

മറ്റു പല രോഗങ്ങള്‍ കൊണ്ടുമെന്ന പോലെ ഹൃദയസ്തംഭനം കൊണ്ടും ബോധക്ഷയം സംഭവിക്കാം. ബോധക്ഷയം സാധാരണയായി മസ്തിഷ്‌കത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നൊരു രോഗാവസ്ഥയാണ്. രക്തസഞ്ചാരത്തിന് തടസ്സം നേരിടാത്തതു കൊണ്ട് തത്ക്ഷണം മരണം സംഭവിക്കുന്നില്ലെന്നു മാത്രം. തലച്ചോറിലെ ആഘാതം നിയന്ത്രണത്തിനുമപ്പുറമാകുമ്പോഴാണ് മരണം സംഭവിക്കുന്നത്.
ബോധക്ഷയം സംഭവിച്ച വ്യക്തിക്ക് വൈദ്യസഹായം ലഭിക്കുന്നതു വരെ എന്തെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം.
രോഗി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ നെഞ്ചിന്റെ ചലനവും നാസാദ്വാരങ്ങളിലൂടെയുള്ള വായു പ്രവാഹവും അതിസുക്ഷ്മമായി ശ്രദ്ധിക്കണം. ഇതിനായി രോഗിയുടെ തലക്ക് അടിയില്‍ ഒന്നും വെക്കാതെ കഴുത്ത് നേരെയാക്കി താടി കഴിയുന്നത്ര പൊക്കിപ്പിടിച്ച് മലര്‍ത്തിക്കിടത്തുക. ശരീരത്തിന്റെ ഈ കിടപ്പ് വായുവിനെ തടസ്സം കൂടാതെ ശ്വാസകോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്നു.
ഇനി രോഗിയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഹൃദയ മിടിപ്പ് പരിശോധിക്കണം. കഴുത്തിലെ രക്തക്കുഴല്‍ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സശ്രദ്ധം പിടിച്ചു നോക്കിയാല്‍ ഹൃദയപ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നറിയാന്‍ സാധിക്കും. ശരീരത്തിലെ വലിയ ധമനികള്‍ പിടിച്ചുനോക്കാന്‍ പറ്റുന്നിടത്തെല്ലാം ഇപ്രകാരം ചെയ്തു നോക്കാം. പള്‍സ് കിട്ടുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായെന്ന് തീരുമാനിക്കാം. ഹൃദയസ്തംഭനം സ്ഥിരീകരിച്ച ശേഷം താമസംവിനാ പ്രാഥമിക ശുശ്രൂഷാ നടപടികള്‍ ആരംഭിക്കണം. വൈദ്യസഹായം ലഭിക്കുന്നതു വരെ രോഗിയുടെ മസ്തിഷ്‌കത്തിലേക്കും ഹൃദയപേശികളിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കുമുള്ള രക്ത ചംക്രമണം കൃത്രിമമായി കഴിയുന്നത്ര നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആശുപത്രിയില്‍ രോഗിയെ എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ഇതിനകം ചെയ്യേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest