Connect with us

Kollam

രശ്മിയുടെ മരണം: സമന്‍സ് അയക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി

Published

|

Last Updated

കൊല്ലം: ആദ്യ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൂടിയായ ബിജു രാധാകൃഷ്ണനെ ഇന്നലെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും കൊലപാതക കേസായതിനാല്‍ വിചാരണ കൊല്ലം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയാണ് ബിജുവിനെ കൊട്ടാരക്കര കോടതി മുമ്പാകെ ഹാജരാക്കിയത്.
എന്നാല്‍, നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനാല്‍ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത 17ലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതിയായ ബിജുവിന്റെ അമ്മ രാജമ്മാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ കൂടി ഹാജരായാല്‍ മാത്രമേ ജില്ലാ കോടതിയിലേക്ക് കേസ് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. രാജമ്മാള്‍ രണ്ടാം പ്രതിയാണെങ്കിലും ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചില ആവശ്യങ്ങള്‍ കോടതി മുമ്പാകെ ബിജു രാധാകൃഷ്ണന്‍ എഴുതി നല്‍കി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കോടതി രേഖയുടെ പകര്‍പ്പുകള്‍ ലഭിക്കണമെന്നും അഭിഭാഷകന്മാരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രധാന ആവ ശ്യങ്ങള്‍.
ജയിലില്‍ ഫോണ്‍ അനുവദിക്കാനാകില്ലെന്നും മറ്റ് രണ്ടാവശ്യങ്ങള്‍ നിയമത്തിന് വിധേയമായി അനുവദിക്കാമെന്നും കോടതി അറിയിച്ചു. ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കണമെന്ന ബിജുവിന്റെ ആവശ്യം ജയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ നടപ്പിലാക്കാന്‍ കഴിയുവെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാറിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോയി ടൈറ്റസും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ഹസ്‌കറും ഹാജരായി.