Connect with us

Kannur

പോലീസ് സഹ. സംഘം തിര. സംഘര്‍ഷം 21 പേരെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കണ്ണൂര്‍: പോലീസ് സഹകരണ സംഘം വോട്ടെടുപ്പിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരടക്കം 21 പോലീസുകാരെ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എ എസ് ഐമാരായ സജീവന്‍ (കരിക്കോട്ടക്കരി സ്റ്റേഷന്‍), നാരായണന്‍ എന്നിവരടക്കം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സിവില്‍ പോലീസ് ഓഫീസര്‍മാരുമായ 21 പേരെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് 29 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നാല് പേര്‍ മാങ്ങാട്ടുപറമ്പ് കെ എ പിയിലുള്ളവരായതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് കെ എ പി കമാന്‍ഡന്റാണ്. മൂന്ന് പേര്‍ എസ് ഐ റാങ്കിലുള്ളവരായതിനാല്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ ജിയാണ് നടപടിയെടുക്കേണ്ടത്. ഐ ജി ഡല്‍ഹിയിലായതിനാല്‍ നാളെ കഴിഞ്ഞ് കണ്ണൂരിലെത്തിയ ശേഷം ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നറിയുന്നു. അവശേഷിക്കുന്ന ഒരാള്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സിവില്‍ പോലീസ് ഓഫീസറായതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് കോഴിക്കോട് എസ് എസ് ബി. എസ് പിയാണ്. കഴിഞ്ഞയാഴ്ച സംഘം ഓഫീസില്‍ വെച്ച് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇടത് അനുകൂലികളും കോണ്‍ഗ്രസ് അനുകൂലികളും തമ്മില്‍ കൈയാങ്കളിവരെ ഉണ്ടായിരുന്നു.
പോലീസുകാര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണ ചുമതല തളിപ്പറമ്പ് ഡി വൈ എസ് പിയെ ആഭ്യന്തര വകുപ്പ് ഏ ല്‍പ്പിച്ചിട്ടുണ്ട്. ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പോലീസുകാര്‍ക്കെതിരെയുള്ള കൂടുതല്‍ അച്ചടക്ക നടപടി തീരുമാനിക്കുക.
രാജ്യത്താകെയുള്ള പോലീസ് സേനയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള നാണക്കേടാണ് ശനിയാഴ്ചത്തെ സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അരങ്ങേറിയതെന്നാണ് ഉന്നത പോലീസ് മേധാവികളുടെ വിലയിരുത്തല്‍.

 

 

Latest