Connect with us

Ongoing News

എം ജി വാഴ്‌സിറ്റിയിലെ അധിക തസ്തിക സര്‍ക്കാര്‍ അനുമതിയില്ല

Published

|

Last Updated

തിരുവനന്തപുരം: അധിക തസ്തികകള്‍ അനുവദിക്കാനുള്ള എം ജി സര്‍വകലാശാലയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ്. 56 പുതിയ തസ്തികകള്‍ അനുവദിച്ച സര്‍വകലാശാലയുടെ നടപടി സര്‍ക്കാറിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ചേര്‍ന്ന എം ജി സിന്‍ഡിക്കേറ്റ് യോഗമാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ സര്‍വകലാശാലക്കുള്ള ഗ്രാന്റ് തടഞ്ഞുവെച്ചിരുന്നു. ജോയിന്റ്‌രജിസ്ട്രാര്‍, രണ്ട് ഡെപ്യൂട്ടി രജിസ്ടാര്‍, ആറ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 56 തസ്തികകള്‍ അടിയന്തിരമായി സൃഷ്ടിക്കാനും തസ്തികകളുടെ ക്രമവത്കരണത്തിന് സര്‍ക്കാറിന്റെ അനുമതി തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജിന്റെ ശമ്പളം 80,000 രൂപയായി ഉയര്‍ത്താനും സിന്‍ഡിക്കേറ്റ് യോഗം ഏകപക്ഷീയമായി തീരുമാനിച്ചു. ഈ നടപടികള്‍ വഴിയുണ്ടാകുന്ന അധിക ബാധ്യത സര്‍ക്കാറിന്റെ സെല്‍ഫ് ഫിനാന്‍സിംഗ് ഫണ്ടില്‍ നിന്ന് കണ്ടെത്താമെന്നായിരുന്നു സിന്‍ഡിക്കേറ്റ് നിര്‍ദേശം. സര്‍വകലാശാലയുടെ നടപടി വിവാദമായപ്പോള്‍ത്തന്നെ വൈസ് ചാന്‍സലര്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. അധിക തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
സര്‍വകലാശാലയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് തസ്തികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം സെല്‍ഫ് ഫിനാന്‍സിഗ് ഫണ്ട് എന്നൊന്നില്ല. ഈ തീരുമാനങ്ങള്‍ക്ക് സര്‍വകലാശാലയുടെ ഫിനാന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പോലും അംഗീകാരമില്ല. ഫണ്ടുകളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വിഭജിക്കാനുള്ള അധികാരം സര്‍വകലാശാലക്കില്ല. ഇപ്പോള്‍ത്തന്നെ കമ്മി ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പുതിയ തസ്തികകള്‍ വഴിയുള്ള അധിക സാമ്പത്തികഭാരം താങ്ങാനാകില്ല. ജോലിഭാരം കൂടുതലാണെന്ന കാരണത്താലും അധിക തസ്തികള്‍ അനുവദിക്കാനാകില്ല. അധിക തസ്തികകള്‍ സൃഷ്ടിക്കാനും വിസിയുടെ ശമ്പളം ഉയര്‍ത്താനുമുള്ള തീരുമാനം സര്‍വകലാശാല നിയമങ്ങളുടെയും സംസ്ഥാന ധനകാര്യ ചട്ടങ്ങളുടെയും ലംഘനമാണ്. ഇത് പൊതു പണത്തിന്റെ ദുര്‍വിനിയോഗമാണെന്നും അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചു.

---- facebook comment plugin here -----

Latest