Connect with us

National

യുദ്ധ വിമാനങ്ങളുടെ അപര്യാപ്തതയില്‍ ആശങ്ക: വ്യോമസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് ആവശ്യത്തിന് യുദ്ധ വിമാനങ്ങള്‍ ഇല്ലാത്തത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എന്‍ എ കെ ബ്രൗണ്‍. 42 പോര്‍വിമാന യൂനിറ്റുകള്‍ വേണ്ടിടത്ത് വ്യോമസേനക്ക് 34 എണ്ണമേയുള്ളു. 20 വിമാനങ്ങള്‍ അടങ്ങുന്നതാണ് ഒരു യൂനിറ്റ്. നിലവിലുള്ള യുദ്ധ വിമാനങ്ങളില്‍ ആറ് സ്‌ക്വാഡ്രനുകള്‍ കാലപ്പഴക്കമുള്ള മിഗ്-21ന്റെതാണ്. 2016 അവസാനത്തോടെ സേനയില്‍ നിന്ന് പിന്‍വലിക്കേണ്ട യുദ്ധവിമാനങ്ങളാണ് മിഗ്-21.
“ലൈറ്റ് കോമ്പാറ്റ് വിമാനങ്ങളും (എല്‍ എ സി), മീഡിയം മള്‍ട്ടി റോള്‍ കോമ്പാറ്റ് വിമാനങ്ങളും (എം എം ആര്‍ സി എ) കൂടുതലായി സേനയില്‍ ഉള്‍പ്പെടുത്തണം. 12 ാം പദ്ധതിയുടെ അവസാനത്തോടെ (2017 മാര്‍ച്ച്) എം എം ആര്‍ സി എ വ്യോമസേനക്ക് ലഭ്യമായില്ലെങ്കില്‍ സേനയുടെ സന്തുലിതാവസ്ഥ താളം തെറ്റും. ഇത് തടഞ്ഞേതീരൂ. നമ്മുടെ സേനകളെ ഒരു നിശ്ചിത തലത്തില്‍ നിലനിര്‍ത്തണം” – വ്യോമസേനാ മേധാവി പറഞ്ഞു.
ഫ്രാന്‍സില്‍ നിന്ന് 126 റഫാലെ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ മന്ദഗതിയിലാണ്. 9000 കോടി രൂപക്കുള്ളതാണ് ഈ ഇടപാട്. കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി ഫ്രാന്‍സുമായി അടുത്ത വര്‍ഷം ഇടപാട് ഉറപ്പിച്ചാല്‍ 2017ല്‍ ആദ്യ റഫാലെ വിമാനം ഇന്ത്യക്ക് ലഭിക്കും. ലൈറ്റ് കോമ്പാറ്റ് വിമാനം ആഭ്യന്തരമായി ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കാനാണ് ഉദ്ദേശ്യമെങ്കിലും ഈ പദ്ധതി ഇപ്പോള്‍ തന്നെ മൂന്ന് ദശകം പിന്നിലാണ്.
ആവശ്യമായ സാങ്കേതിക വൈദഗ്ധ്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. മതിയായ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍, കാലാവധി കഴിയാറായ മിഗ്- 21 പോലുള്ള യുദ്ധവിമാനങ്ങളുടെ കാലാവധി നീട്ടിയെടുക്കാനാണ് വ്യോമസേനയുടെ ശ്രമം.