Connect with us

National

കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു: ചന്ദ്രബാബു നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെ കോണ്‍ഗ്രസ്, രാഷ്ട്രീയം കളിക്കുകയാണെന്ന് തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് എന്‍ ചന്ദ്രബാബു നായിഡു. അതേസമയം, തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നായിഡു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
കോണ്‍ഗ്രസ് പൂര്‍ണമായും രാഷ്ട്രീയം കളിക്കുകയാണെന്ന് നിരാഹാര സമരം ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ നായിഡു ആരോപിച്ചു. കഴിഞ്ഞ 70 ദിവസമായി ആന്ധ്ര, പ്രത്യേകിച്ച് സീമാന്ധ്ര, കത്തുകയാണ്. ദിവസം തോറും സ്ഥിതി മോശമായി വരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പാര്‍ലിമെന്റില്‍ ഇക്കാര്യം ഉന്നയിച്ചു. ഡല്‍ഹിയിലെത്തി രാഷ്ട്രപതിയെയും നിരവധി രാഷ്ട്രീയ നേതാക്കളെയും കണ്ടു. ഇന്നുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇരുപക്ഷത്തെയും വിളിച്ച് ചര്‍ച്ച നടത്താന്‍ ഒരു ശ്രമവും ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു.
ഒരു പ്രശ്‌നമുണ്ടായാല്‍ ചര്‍ച്ച ചെയ്യപ്പെടണം. ദീര്‍ഘമായ പര്യാലോചന ആവശ്യമാണ്. അവസാനം പരിഹാരമാര്‍ഗങ്ങളും ഉരുത്തിരിയേണ്ടതുണ്ട്. ഇതിനെയാണ് ജനാധിപത്യം എന്നു പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി വിസ്മരിച്ചിരിക്കുകയാണ്. അവര്‍ ഒരു പരിഹാരവും കാണുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ സംവിധാനത്തില്‍ തന്നെ ആന്ധ്രയിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നായിഡു കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പ്രതിസന്ധിയുടെ കാഠിന്യം മനസ്സിലാക്കാന്‍ കേന്ദ്രത്തിന് കഴിയാത്ത സ്ഥിതിക്ക് ആന്ധ്രയിലെ സ്ഥിതി വിശദീകരിക്കാന്‍ “ഇമ്മോബിലിസ്‌മോ” (പൂര്‍ണ സ്തംഭനം) എന്ന ഇറ്റാലിയന്‍ വാക്കാണ് ഉപയോഗിക്കുകയെന്ന് നായിഡു പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജന്മസ്ഥലത്തെ സൂചിപ്പിച്ചാണ് നായിഡുവിന്റെ ഈ ഒളിയമ്പ്.