Connect with us

National

പീഡനം: അസാറാമിന്റെ മകന്‍ ഒളിവില്‍

Published

|

Last Updated

സൂറത്ത്: പീഡന പരാതിയെ തുടര്‍ന്ന് അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസമാണ് രണ്ട് സഹോദരിമാര്‍ ബാപ്പുവിനും മകനുമെതിരെ പരാതി നല്‍കിയത്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാരായണിനെതിരെ ഗുരുതരമായ കുറ്റമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇമിഗ്രേഷന്‍ അധികൃതരെ അറിയിച്ചതായി സൂറത്ത് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു. രാജ്യം വിട്ടുപോകാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാരയണിനെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്. നാരായണ്‍ ഉണ്ടാകാനിടയുള്ള ചില സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നാരായണിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു.
അതേസമയം, ജയ്പൂരില്‍ ഝോത്വാരക്ക് സമീപം കര്‍ധാനിയിലെ അസാറാമിന്റെ ആശ്രമത്തിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. 15 പേരടങ്ങിയ സംഘം, അസാറാമിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കല്ലേറ് നടത്തുകയും ഫര്‍ണിച്ചറും ജനല്‍ച്ചില്ലുകളും തകര്‍ക്കുകയും ചെയ്തതായി ഝോത്വാര അസി. കമ്മീഷണര്‍ നസീമുല്ല ഖാന്‍ അറിയിച്ചു. ആശ്രമത്തിന് പുറത്ത് പാര്‍ക്ക് ചെയ്ത ബസ്, രണ്ട് കാറുകള്‍, ബൈക്കുകള്‍ തുടങ്ങിയവ തകര്‍ത്തിട്ടുണ്ട്. പോലീസെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
സൂറത്ത് പോലീസിന് ലഭിച്ച രണ്ട് പരാതികളില്‍ ഒന്ന് അസാറാമിനും മറ്റൊന്ന് നാരായണ്‍ സായിക്കും എതിരെയാണ്. നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചു, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് സൂറത്ത് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. നാരായണ്‍ സായിക്കെതിരെയുള്ള പരാതി ഝാംഗിര്‍പുര പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. അസാറാമിനെതിരെയുള്ള പരാതി അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്. മൂത്ത സഹോദരി അസാറാമിനെതിരെയും ഇളയവള്‍ മകനെതിരെയുമാണ് പരാതി നല്‍കിയത്. 1997നും 2006നും ഇടയില്‍ പീഡിപ്പിച്ചുവെന്നാണ് മൂത്ത സഹോദരിയുടെ പരാതിയില്‍ പറയുന്നത്. 2002നും 2005നും ഇടയിലാണ് നാരായണ്‍ പീഡിപ്പിച്ചതെന്ന് ഇളയവളുടെ പരാതിയില്‍ പറയുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് പതിനാറുകാരിയെ പീഡിപ്പിച്ചതിന് 75കാരനായ അസാറാം കഴിഞ്ഞ മാസം ഒന്ന് മുതല്‍ ജയിലിലാണ്.