Connect with us

National

മൂന്നാം മുന്നണി തിരഞ്ഞെടുപ്പിന് ശേഷം: മുലായം സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണി രൂപവത്കരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. അടുത്ത പ്രധാനമന്ത്രി മൂന്നാം മുന്നണിയിലെ പ്രമുഖ കക്ഷിയുടെ നേതാവായിരിക്കുമെന്നും മുലായം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം ബദല്‍ രൂപപ്പെടുത്തില്ല. ഇപ്പോള്‍ അതിന് ശ്രമിച്ചാല്‍ മത്സരിക്കാനുള്ള ടിക്കറ്റ് വിതരണം ചെയ്യുന്നതില്‍ തട്ടി ആ ശ്രമം പാഴായിപ്പോകും. നിര്‍ദിഷ്ട മുന്നണിയില്‍ ചേരാന്‍ ധാരണയാകുന്ന മുഴുവന്‍ കക്ഷികളും സ്വന്തം നിലക്ക് മത്സരിച്ച് ശക്തി തെളിയിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഈ കക്ഷികള്‍ ഒരുമിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കും. മുലായം പറഞ്ഞു.
സി പി എം നേതാവ് പ്രകാശ് കാരാട്ടുമായും സി പി ഐ നേതാവ് എ ബി ബര്‍ദനുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് അവരും തയ്യാറാകുമെന്നാണ് വിശ്വാസം. കൂടുതല്‍ കക്ഷികള്‍ ചേരുന്നതോടെ മുന്നണി ശക്തമാകും. കോണ്‍ഗ്രസിനോ ബി ജെ പിക്കോ സര്‍ക്കാറുണ്ടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂവെന്ന് നരേന്ദ്ര മോഡിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മുലായം മറുപടി നല്‍കി. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈയിടെ മുലായവുമായി ചര്‍ച്ച നടത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ബദലിനുള്ള നീക്കം ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു. ഓരോ സംസ്ഥാനത്തെയും പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ച് മൂന്നാം ചേരിക്ക് രൂപം നല്‍കാനാണ് പാര്‍ട്ടി ശ്രമിക്കുക. ഇതിന്റെ ഭാഗമായി ഈ മാസം മുപ്പതിന് ഡല്‍ഹിയില്‍ മതേതര കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest