Connect with us

Kasargod

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി കുടുംബങ്ങളെ ജനശ്രീ ബീമായോജന എന്ന ദേശീയ ഇന്‍ഷൂറന്‍സ് സുരക്ഷാ പദ്ധതിയില്‍ ചേര്‍ക്കുന്നതിന് തീരുമാനിച്ചു. എല്‍ ഐ സിയുടെ കോഴിക്കോട് ഡിവിഷണല്‍ ഓഫീസുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 18 മുതല്‍ 59 വയസ്സു വരെ പ്രായമായ കുടുംബാംഗത്തിന് പദ്ധതിയില്‍ ചേരാവുന്നതാണ്. 100 രൂപ വാര്‍ഷിക വരി സംഖ്യയായി ഗുണഭോക്താക്കള്‍ അടക്കുമ്പോള്‍ 100 രൂപ കേന്ദ്ര സര്‍ക്കാരും അടക്കുന്നു. ഈ സുരക്ഷാ പദ്ധതി പ്രകാരം അപകട മരണം ഗുരുതരമായ വികലാംഗത്വം സംഭവിച്ചാല്‍ 75,000 രൂപ വീതവും സ്വാഭാവിക മരണത്തിന് 30,000 രൂപയും ലഭിക്കും. കണ്ണ്, കാല്‍, കൈകള്‍, താടിയെല്ല്, ചെവി മുതലായ പ്രധാന അവയവങ്ങള്‍ക്ക് തീരാകേടു സംഭവിച്ചാല്‍ 37,500 രൂപയും ലഭിക്കും. ഗുണഭോക്താവ് 50 രൂപയുടെ അധിക പോളിസിയും എടുത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷ വിപുലമാക്കുവാനും പദ്ധതിയായിട്ടുണ്ട്. പദ്ധതിയില്‍ ചേരുന്നവരുടെ കുടുംബത്തിലെ 9, 10, 11, 12, ഐ ടി ഐ എന്നിവിടങ്ങളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിക്ക് 1200 രൂപ സ്‌കോളര്‍ഷിപ്പും ലഭ്യമാകും. പദ്ധതിയില്‍ ചേരുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തുകളിലെ വി ഇ ഒമാരെ സമീപിക്കണം. രജിസ്‌ട്രേഷന്‍ നാളെ മുതല്‍ 22 വരെ നടത്താം.