Connect with us

Kasargod

മഅ്ദനി കേസ് പുനരന്വേഷിക്കണം: മുസ്‌ലിം സംയുക്ത വേദി

Published

|

Last Updated

കാസര്‍കോട്: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ പേരില്‍ ചുമത്തപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഭരണകൂട ഭീകരത വേട്ടയാടപ്പെടുന്ന മഅ്ദനിക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഈമാസം 28ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസം സംഘടിപ്പിക്കും. വിചാരണത്തടവുകാരനായി നീണ്ട വര്‍ഷങ്ങള്‍ ജയിലില്‍ ഹോമിക്കേണ്ടിവന്ന മഅ്ദനിയുടെ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. നീതിപീഠങ്ങള്‍ക്കു മുമ്പില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെടുമ്പോള്‍ നിറം പിടിപ്പിച്ച കെട്ടുകഥകള്‍ മെനഞ്ഞ് നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കുന്ന ഭരണകൂട താത്പര്യം എപ്പോഴും മുസ്‌ലിം സമുദായത്തിനുമേല്‍ കനത്ത ആഘാതമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്.
ഈമാസം 28ന് മഅ്ദനിയുടെ മക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും ഉള്‍പ്പെടെ കേരള മുസ്‌ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, മുഹമ്മദ് ബെള്ളൂര്‍, എം കെ ഇ അബ്ബാസ്, യൂനുസ് തളങ്കര, ഡോ. അബൂ നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest