Connect with us

Kasargod

മലയോര ഹൈവേ നിര്‍മാണം ഈ വര്‍ഷം തുടങ്ങും

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ മലയോര ഹൈവേയുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി ഡോ. പി പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപാ ആദ്യഘട്ടത്തില്‍ അനുവദിക്കും. നന്ദാരപദവില്‍നിന്നാണ് നിര്‍മാണം ആരംഭിക്കുക. നന്ദാരപദവ്-പെര്‍ള-ബദിയഡുക്ക-മുള്ളേരിയ ചാലിങ്കാല്‍ വഴി തിരുവനന്തപുരത്തേക്കുള്ള റോഡാണിത്. ഇതുള്‍പ്പെടെ ജില്ലയില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 35 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ രൂപം നല്‍കി.
ബജറ്റില്‍ പ്രഖ്യാപിച്ച ഇരുപത്തിയഞ്ച് കോടി രൂപയും ഉപധനാഭ്യര്‍ഥന പ്രകാരം 10 കോടി രൂപയുമാണ് പദ്ധതിക്കായി ലഭ്യമാക്കുക. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പി കരുണാകരന്‍ എം പി, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, പി ബി അബ്ദുറസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി സബ്കലക്ടര്‍ കെ ജീവന്‍ ബാബു, എ ഡി എം. എച്ച് ദിനേശന്‍, ഡെപ്യൂട്ടികലക്ടര്‍ പി കെ സുധീര്‍ബാബു, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ജി ശങ്കരനാരായണന്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വൈദ്യുതിമേഖലയില്‍ തൗടുഗോളി-മൈലാട്ടി 110 കെ വി സിംഗിള്‍ സര്‍ക്യൂട്ട് ഇരട്ടിപ്പിക്കുന്നതിന് ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഈ പദ്ധതിക്ക് ഇരുപത് കോടി രൂപയുടെ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശിച്ച കള്ളാര്‍പാലം(3.5 കോടി) തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ കണ്ണങ്കൈ-കൊവ്വാര്‍പാലം(2 കോടി), കസബപാലം(2.5 കോടി) എന്നിവയുടെ നിര്‍മാണം മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തി. കാസര്‍കോട് പട്ടണത്തിലെ നെല്ലിക്കുന്ന് ജംഗ്ഷന്‍ നവീകരണത്തിന് ഒരു കോടി രൂപ വിനിയോഗിക്കും.
ജില്ലയില്‍ 13 ആര്‍ എം എസ് എ വിദ്യാലയങ്ങള്‍ക്ക് 4 കോടി രൂപ വകയിരുത്തും. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളജ്, കാസര്‍കോട് ഗവ. കോളജ്, ഇ കെ നായനാര്‍ സ്മാരക ഗവ. കോളജ് എളേരിത്തട്ട് എന്നിവയുടെ നവീകരണത്തിനും നിര്‍ദേശമുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചുളള പാലിയേറ്റീവ് കെയറിനുളള നിര്‍ദേശവും സമര്‍പ്പിച്ചു. ജില്ലയില്‍ അപകട ഭീഷണിയിലുളള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ കെട്ടിട നിര്‍മാണവും മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തി.
പട്ടികജാതി മേഖലയില്‍ ദേലംപാടിയില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ഒരു കോടി രൂപയും 1500 പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ വയറിംഗിന് 60 ലക്ഷം രൂപയും വകയിരുത്തും. പട്ടികവര്‍ഗ മേഖലയില്‍ പരപ്പയില്‍ പെണ്‍കുട്ടികള്‍ക്കായി പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ നിര്‍മാണത്തിനുള്ള നിര്‍ദേശവും പട്ടികയിലുണ്ട്. ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ വാര്‍ഡ്(എഴുപത് ലക്ഷം), കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സി ടി സ്‌കാനര്‍ സ്ഥാപിക്കല്‍(2 കോടി), ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ വികസനം(50 ലക്ഷം), അനന്തപുരം തടാകക്ഷേത്രം, മഞ്ചേശ്വരം ജൈനബസതി, ഇടയിലക്കാട് കാവ് എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം(25 ലക്ഷം) എന്നിവ നടപ്പാക്കും.
പദ്ധതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനാകുന്ന പദ്ധതികള്‍ക്കാണ് അടിയന്തിര പരിഗണന നല്‍കുന്നത്.