Connect with us

Kasargod

സ്ഥലംമാറ്റത്തെ ചൊല്ലി പോലീസ് അസോസിയേഷനില്‍ മുറുമുറുപ്പ്

Published

|

Last Updated

കാഞ്ഞങ്ങാട്: സി പി എം അനുകൂലികളായ പോലീസുകാരുടെ സ്ഥലംമാറ്റം തടയുകയും കോണ്‍ഗ്രസ് അനുകൂലികളായ പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്ത നടപടി പോലീസ് അസോസിയേഷനില്‍ പുകയുന്നു.
ആറുമാസം മുമ്പാണ് അറുപതോളം സി പി എം അനുകൂലികളായ പോലീസുകാരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഗ്രേഡ് എസ് ഐമാരെയും സീനിയര്‍ സിവില്‍ പോലീസുകാരെയുമാണ് സ്ഥലംമാറ്റിയത്. എന്നാല്‍ ഇവര്‍ വിവിധ തലങ്ങളിലെ സ്വാധീനം ഉപയോഗിച്ച് സ്ഥലംമാറ്റത്തെ മറികടക്കുകയും ഇപ്പോഴും അതാത് സ്റ്റേഷനുകളില്‍ ജോലിയില്‍ തുടരുകയുമാണ്.
ഇതിനെതിരെ ഭരണപക്ഷ അനുകൂല പോലീസുകാരില്‍ അമര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അനുകൂലികളായ പോലീസുകാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഭരണപക്ഷ അനുകൂല സംഘടനാ പ്രതിനിധിയായ സിവില്‍ പോലീസ് ഓഫീസര്‍ രാജനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലേക്കും കാസര്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ രഘുവിനെ ചന്തേര പോലീസ് സ്റ്റേഷനിലേക്കും സ്ഥലം മാറ്റിയ നടപടിയാണ് അസോസിയേഷനില്‍ രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുന്നത്.
സ്ഥലംമാറ്റ ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ രണ്ടുപേരെയും സ്ഥലം മാറ്റിയ ജില്ലാ പോലീസ് അധികാരികള്‍ ആറുമാസം മുമ്പത്തെ സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഭരണപക്ഷ അനുകൂലികളുടെ ആവശ്യം. സ്ഥലംമാറ്റത്തിന് പിന്നില്‍ മണല്‍മാഫിയാ ബന്ധവും അസോസിയേഷന്‍ ആരോപിക്കുന്നുണ്ട്.
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ച ഏക ഭരണപക്ഷ അനുകൂല സിവില്‍ പോലീസ് ഓഫീസറാണ് രാജന്‍. മറ്റു പോലീസുകാര്‍ സി പി എം അനുകൂലികളാണ്.