Connect with us

Palakkad

കനാലില്‍ ഒഴുകിയെത്തിയ കാട്ടുപന്നി മൂന്ന് സ്ത്രീകളെ കുത്തിപ്പരുക്കേല്‍പ്പിച്ചു

Published

|

Last Updated

വണ്ടിത്താവളം: മൂലത്തറ ഇടതുകനാലില്‍ ഒഴുകിയെത്തിയ കാട്ടുപന്നി മൂന്ന് സ്ത്രീകളെ കുത്തി പരുക്കേല്‍പ്പിച്ചു. പാട്ടികുളം കിഴക്കേകാട് അസ്സനാറിന്റെ ഭാര്യ ജെസി(35), കാജാഹുസൈന്റെ ഭാര്യ നൂര്‍ജഹാന്‍(45), പരേതനായ ചന്ദ്രന്റെ ഭാര്യ നാരായണി(42) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് 1.15 ഓടെയാണ് സംഭവം.
കനാലില്‍ വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ജെസ്സി പന്നിയെകണ്ട് സമീപത്തെ വീട്ടിലേക്ക് ഓടികയറിയെങ്കിലും പിന്നാലെയെത്തിയ പന്നി ഇവരെ ആക്രമിക്കുകയായിരുന്നു. കാലിനാണ് കൂടുതലും പരുക്കേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസി അറുച്ചാമിയുടെ മകന്‍ അനു സമയോചിതമായി കൊടുവാള്‍ എടുത്ത് പന്നിയെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. പുറത്തേക്കോടിയ പന്നി റോഡിലൂടെ നടന്നുവരികയായിരുന്ന നൂര്‍ജഹാനേയും നാരായണിയേയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാട്ടിലേക്ക് ഓടിമറിഞ്ഞു.
അമ്പതോളം കുടുംബങ്ങള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. പാട്ടികുളം പാലത്തിനുസമീപത്തെ കനാലിന്റെ സ്റ്റെപ്പ് ചാടുന്നതിനിടെയാണ് പന്നി വെള്ളത്തില്‍വീണതെന്ന് പറയുന്നു. പരുക്കേറ്റ സ്ത്രീകളെ വിളയോടി സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest