Connect with us

International

അടച്ചുപൂട്ടല്‍: ജീവനക്കാരെ പെന്റഗണ്‍ തിരിച്ചുവിളിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക അടച്ചുപൂട്ടലിന്റെ ഭാഗമായി താത്കാലിക അവധി നല്‍കി വീടുകളിലേക്കയച്ച പ്രതിരോധ മന്ത്രാലയത്തിലെ നാല് ലക്ഷം സൈനികേതര ജീവനക്കാരെ അടുത്ത ആഴ്ച ജോലിയിലേക്ക് തിരിച്ചുവിളിക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചു. സൈന്യത്തിന്റെ ശമ്പള നിയമം അവലോകനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് യു എസ് അടച്ചുപൂട്ടല്‍ ആറാം നാളിലേക്ക് കടന്നപ്പോള്‍ ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുക്കുന്നത്. ഒബാമകെയര്‍ എന്ന് പരഹസിച്ച് വിളിക്കപ്പെടുന്ന ആരോഗ്യപദ്ധതി സംബന്ധിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിലുള്ള തര്‍ക്കത്തിനോടുവില്‍ ് യു എസ് കോണ്‍ഗ്രസില്‍ ബജറ്റ് പാസാക്കാനാകാത്തതിനെത്തുടര്‍ന്നാണ് അമേരിക്കയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്.
ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്ന നടപടിക്രമങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ പരിഹരിക്കാനായിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ അവരവരുടെ മാനേജര്‍മാരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടച്ചുപൂട്ടലിനെത്തുടര്‍ന്ന് എട്ട് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരുന്നു. സൈനിക സേവനത്തേയും ഇത് ബാധിച്ചിരുന്നെങ്കിലും സൈന്യത്തെ സജീവമായി നിലനിര്‍ത്തുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ ഉറപ്പ് നല്‍കിയിരുന്നു.
അടച്ചുപൂട്ടലിനെത്തുടര്‍ന്ന് സൈനിക ക്ലാസുകള്‍ വെട്ടിക്കുറക്കുകയും സൈനിക കുടുംബങ്ങള്‍ക്കുള്ള റേഷന്‍ നിര്‍ത്തലാക്കുകയും ചെയ്തതിനോടൊപ്പം കപ്പല്‍ ജീവനക്കാരുടെ ബോണസ് വൈകുകയും ചെയ്തു. അടച്ചുപൂട്ടലിനെത്തുടര്‍ന്ന് രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതിലുള്ള തടസ്സം സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പാണ് സൈനികേതര ജീവനക്കാരെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ച ഉപരോധം നടപ്പാക്കുന്നതിനും അടച്ചുപൂട്ടല്‍ തടസ്സമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

Latest