Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി: ധനവകുപ്പ് കടുത്ത നടപടികളിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടി വരുമെന്ന് ധന വകുപ്പിന്റെ മുന്നറിയിപ്പ്. ചെലവ് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശത്തിന് പിന്നാലെ വരുമാനം വര്‍ധിപ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയര്‍ത്തും. കടമെടുക്കുന്നതിന്റെ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാന്‍ ആലോചിച്ചെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കായി നാളെ ഉന്നതതല യോഗം ചേരും. ഇതിനിടെ, 750 കോടി രൂപ കടമെടുക്കുന്നതിനായി സര്‍ക്കാര്‍ കടപത്രമിറക്കി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും. വികസനച്ചെലവുകള്‍ വെട്ടിക്കുറക്കാതെയും ക്ഷേമ പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കാതെയും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കാനാണ് മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മാസം പത്തിന് ചേരുന്ന മന്ത്രിസഭാ യോഗം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കും.
ചെലവും വരവും തമ്മില്‍ വലിയ അന്തരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ചെലവില്‍ പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടായി. വില്‍പ്പന നികുതി വരുമാനത്തില്‍ പന്ത്രണ്ട് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതു മാത്രമാണ് ഏക ആശ്വാസം. വരുമാനത്തില്‍ ഇരുപത് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും ഉണ്ടായത് പതിനൊന്ന് ശതമാനം മാത്രം. നികുതി, നികുതിയേതര വരുമാനങ്ങളില്‍ ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് മൂന്ന് മുതല്‍ നാല് വരെ ശതമാനം വരെയാണ് കുറവ്. കഴിഞ്ഞ മാസം വരെ വില്‍പ്പന നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടിയത് 11,579 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം കോടിയോളം കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നികുതി വരവ് 12,982 കോടി രൂപയായിരുന്നു. ഓണക്കാലത്ത് നാലായിരം കോടി രൂപയുടെ നികുതി വര്‍ധന മാത്രമാണുണ്ടായത്.
മദ്യത്തില്‍ നിന്നുള്ള വരുമാനം, സ്റ്റാമ്പ് ഡ്യൂട്ടി, വാഹന നികുതി തുടങ്ങിയവയിലും വലിയ കുറവാണുണ്ടായത്. നികുതി പിരിവില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ മാസത്തെ ചെലവുകള്‍ക്ക് പണമൊപ്പിക്കാന്‍ 750 കോടിയുടെ കൂടി കടപത്രമിറക്കുന്നത്. റിസര്‍വ് ബേങ്ക് വഴി എട്ടിന് കടപത്രം വില്‍ക്കും. ഇതോടെ 7,000 കോടിയാകും സംസ്ഥാനത്തിന്റെ കടം. കേന്ദ്രപരിധിയനുസരിച്ച് 12,360 കോടിയേ പരമാവധി സംസ്ഥാനത്തിന് കടമെടുക്കാനാകൂ. സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ത്തന്നെ ഏഴായിരം കോടി കടമെടുത്തുകഴിഞ്ഞ സാഹചര്യത്തില്‍ പരിധി ഉയര്‍ത്തുന്നതിന് കേന്ദ്രത്തെ സമീപിക്കാനും ആലോചനയുണ്ട്.

ഫീസ് നിരക്കുകള്‍ ഉയര്‍ത്തും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി അവശ്യ സര്‍വീസുകളിലെ ഫീസുകള്‍ കൂടാനിടയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങളുടെ ഫീസ് നിരക്കെല്ലാം കൂട്ടണമെന്നാണ് ഉദ്യോഗസ്ഥതല നിര്‍ദേശം. അപേക്ഷാ ഫോമുകളുടെ കുറഞ്ഞ നിരക്ക് പത്ത് രൂപയായി നിജപ്പെടുത്തണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
സൗജന്യമായും അമ്പത് പൈസ, ഒരു രൂപ നിരക്കിലും പല ഫോറങ്ങളും നല്‍കുന്നത് അവസാനിപ്പിക്കണം. അപേക്ഷകള്‍ പലതും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇവക്കെല്ലാം ഫീസ് ഏര്‍പ്പെടുത്തണം. ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ക്ക് ഫീസ് വേണമെന്ന ശിപാര്‍ശയും മുന്നോട്ടു വെക്കുന്നു.
തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ക്ഷേമപദ്ധതികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് സര്‍ക്കാറിന് യോജിപ്പില്ല. ഓണക്കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനും വിപണിയില്‍ ഇടപെടുന്നതിനുമായി നിയന്ത്രണമില്ലാതെയാണ് കോടികള്‍ അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം നടപടികള്‍ തുടരേണ്ടി വരുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഈ സാഹചര്യം ഉള്‍ക്കൊണ്ടാകും വരുമാന വര്‍ധനവിനുള്ള നടപടികള്‍ സ്വീകരിക്കുക.

Latest