Connect with us

Kannur

പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് കുവൈത്തില്‍

Published

|

Last Updated

തലശ്ശേരി: ഒന്‍പത് വര്‍ഷം മുമ്പ് തലശ്ശേരി ചിറക്കരയിലെ കോളജ് വിദ്യാര്‍ഥിനി ഷഫ്‌നയെ കുത്തിക്കൊന്ന കേസില്‍ മുങ്ങിയ പ്രതി മോറക്കുന്ന് തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് അഫ്‌സലിനെ (34) നാട്ടിലെത്തിക്കാന്‍ കണ്ണൂര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കുവൈത്തിലേക്ക് തിരിച്ചു. കണ്ണൂര്‍ ഡി സി ആര്‍ ബി. ഡി വൈ എസ് പി. ലോറന്‍സ്, തലശ്ശേരി സി ഐ. വി കെ വിശ്വംഭരന്‍ എന്നിവരാണ് ഇന്നലെ യാത്ര തിരിച്ചത്. ഷഫ്‌ന കൊലക്കേസ് വിചാരണ ആരംഭിക്കാനിരിക്കെ, ഏതാനും വര്‍ഷം മുമ്പ് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് രക്ഷപ്പെട്ട അഫ്‌സലിനെ കണ്ടെത്താന്‍ ഷഫ്‌നയുടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുവൈത്തിലുണ്ടെന്ന് കണ്ടെത്തിയത്. ഇന്റര്‍ പോളിന്റെ അറസ്റ്റ് വാറണ്ടുള്ള അഫ്‌സലിനെ കുവൈത്ത് പോലീസ് പിടികൂടി ജയിലിലടച്ചിരുന്നു.
തലശ്ശേരി കോടതി നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയ കൊലക്കേസ് പ്രതിയെ കുവൈത്ത് ജയിലില്‍ നിന്ന് വിട്ടുകിട്ടാനാവശ്യമായ രേഖകളുമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുള്ളത്. കുവൈത്ത് എംബസി മുഖേന മറ്റ് നിയമ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തലശ്ശേരിയിലെ പ്രൈവറ്റ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ഷഫ്‌നയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ ത്തുടര്‍ന്ന് അഫ്‌സല്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കോളജ് വിട്ടുവന്ന വിദ്യാര്‍ഥിനിയെ വീട്ടുപരിസരത്ത് നേരത്തെ ഒളിച്ചിരുന്ന പ്രതി മൃഗീയമായി കുത്തിവീഴ്ത്തുകയായിരുന്നു. മാതാവിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു അറും കൊല. കൊലപാതക പിറ്റേന്ന് തന്നെ അറസ്റ്റിലായ അഫ്‌സല്‍ ജാമ്യത്തിലിറങ്ങിയാണ് ബംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് താജ് പാഷാഖാന്‍ എന്ന പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് കുവൈത്തിലുള്ള സഹോദരി ഭര്‍ത്താവിന്റെ അടുത്തേക്ക് മുങ്ങിയത്.

---- facebook comment plugin here -----

Latest