Connect with us

Kerala

തിരുവനന്തപുരത്ത് ബി ജെ പി പൊട്ടിത്തെറിയിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെ ചൊല്ലി തിരുവനന്തപുരത്ത് ബി ജെ പിയില്‍ കലാപം. വിഭാഗീയതയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് പി കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ രംഗത്തു വന്നു. രഹസ്യ യോഗം ചേര്‍ന്ന ഇവര്‍ പുതിയ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും സ്വീകരിച്ചു. ജില്ലയിലെ ഔദ്യോഗിക പക്ഷ നേതാക്കളും പുതിയ പ്രസിഡന്റ് സ്വീകാര്യനല്ലെന്ന നിലപാടിലാണ്.
പ്രസിഡന്റായിരുന്ന കരമന ജയനെ മാറ്റി ജില്ലാ സെക്രട്ടറിയായിരുന്ന എസ് സുരേഷിനെ പ്രസിഡന്റാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. ആര്‍ എസ് എസ് നോമിനിയായാണ് സുരേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നും തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും കരമന ജയന്‍ പ്രതികരിച്ചു. മറ്റ് ജില്ലകളില്‍ പുതിയ പ്രസിഡന്റുമാര്‍ ചുമതലയേറ്റ് മാസങ്ങളായെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായിരുന്നില്ല. നിലവില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച കരമന ജയന് ഒരു ടേം കൂടി നല്‍കണമെന്ന് കൃഷ്ണദാസ് പക്ഷം കടുത്ത നിലപാട് സ്വീകരിച്ചു.
ഒ രാജഗോപാലിന്റെ പിന്തുണയും ജയനുണ്ടായിരുന്നു. എന്നാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള വെങ്ങാനൂര്‍ സതീഷിനെ പ്രസിഡന്റാക്കാനായിരുന്നു വി മുരളീധരന്റെ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ വെങ്ങാനൂര്‍ സതീഷിന് അനുകൂലമായി ഒരു വോട്ട് അധികം ലഭിച്ചെങ്കിലും കൃഷ്ണദാസ് വിഭാഗം അംഗീകരിച്ചില്ല. ആര്‍ എസ് എസ് നേതൃത്വവും നേരത്തെ ജയന് പിന്തുണ പ്രഖ്യാപിച്ചതോടെ തീരുമാനം നീണ്ടുപോയി.
പുതിയ പ്രസിഡന്റ് ഇല്ലാതെ വന്നതോടെ തിരുവനന്തപുരത്ത് പാര്‍ട്ടി പരിപാടികളൊന്നും നടക്കാത്ത സാഹചര്യമുണ്ടായി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലകളില്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളില്‍ മാത്രമാണ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തിനുള്ള പിടിവലി മുറുകിയതോടെ മൂന്നാമനെന്ന നിലയിലാണ് സുരേഷിനെ ആര്‍ എസ് എസ് രംഗത്തിറക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കരമന ജയന്‍ തുടരും എന്നു കരുതിയിരുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത മാറ്റമുണ്ടായത്. ജില്ലാപ്രസിഡന്റ് സ്ഥാനം പ്രതീക്ഷിച്ചിരുന്ന വെങ്ങാനൂര്‍ സതീഷിനും തീരുമാനത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. തീരുമാനത്തില്‍ പ്രതിഷേധിച്ച് കരമന ജയന്റെ വീട്ടില്‍ കൃഷ്ണദാസ് പക്ഷത്തെ നേതാക്കളും പ്രധാന പ്രവര്‍ത്തകരും യോഗം ചേര്‍ന്നു. ജില്ലാ ഘടകത്തിന്റെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. വിഭാഗീയ നിലപാടുകളുടെ ഭാഗമായാണ് ജില്ലാ അധ്യക്ഷനെ മാറ്റിയതെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം.