Connect with us

Kerala

കശുവണ്ടി വികസന കോര്‍പറേഷനില്‍ കോടികളുടെ അഴിമതി

Published

|

Last Updated

കൊല്ലം: കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയിട്ടും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാറിന് വൈമുഖ്യം. അഴിമതി സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. ക്രമക്കേട്, വക മാറ്റി ചെലവഴിക്കല്‍, പൊതു പണം ദുര്‍വിനിയോഗം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. കോര്‍പറേഷനില്‍ നടന്നതായി വ്യക്തമായിട്ടുള്ള 488 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ വിഷയത്തില്‍ വിജിലന്‍സിന്റെ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിച്ചത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി ഇറക്കുമതിയിലും കശുവണ്ടി കയറ്റുമതിയിലും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) കണ്ടെത്തിയിരുന്നു. കോര്‍പറേഷനില്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന തോട്ടണ്ടി കച്ചവടത്തില്‍ മാത്രം നാല് കോടിയില്‍പ്പരം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. 2013 മെയ് 10ന് നടന്ന ഇ- ടെന്‍ഡറിലൂടെയാണ് അയ്യായിരം ടണ്‍ ഐവറികോസ്റ്റ് (ഐ വി സി) തോട്ടണ്ടി വാങ്ങിയത്. ടണ്ണിന് 934 ഡോളറാണ് വില. എന്നാല്‍, ഇതേ തോട്ടണ്ടി ഇതേ ദിവസങ്ങളില്‍ കൊല്ലത്തെ സ്വകാര്യ മുതലാളിമാര്‍ വാങ്ങിയത് 800- 825 ഡോളറിനാണ്. ബള്‍ക്ക് പര്‍ച്ചേസ് നടത്തുന്ന കശുവണ്ടി കോര്‍പറേഷന് സ്വകാര്യ മുതലാളിമാരെക്കാള്‍ കുറഞ്ഞ തുകക്ക് തോട്ടണ്ടി ലഭിക്കുമെന്നിരിക്കെയാണ് വന്‍ വിലക്ക് തോട്ടണ്ടി വാങ്ങിയത്. പൊതുമേഖസാ സ്ഥാപനങ്ങള്‍ മാര്‍ക്കറ്റ് വില പഠിച്ച് വേണം കുറഞ്ഞ ടെന്‍ഡറെടുത്ത കമ്പനിയുമായി നെഗോസിയേഷന്‍ നടത്തേണ്ടതെന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ( സി വി സി), പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ( പി എ സി), സ്റ്റോര്‍ പര്‍ച്ചേയ്‌സ് മാന്വല്‍ തുടങ്ങി സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും വ്യക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് കാഷ്യു കോര്‍പറേഷന്‍ ഇത്രയും തുകയുടെ അഴിമതി നടത്തിയിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഡോളര്‍ വില ഉയര്‍ന്ന നിലയിലായിട്ടും പരിപ്പ് കയറ്റുമതി ചെയ്യാതെ കൊല്ലത്തെ സ്വകാര്യ മുതലാളിമാര്‍ക്ക് വന്‍തോതില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇതും അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് വിവിധ ട്രേഡ് യൂനിയനുകള്‍ ആരോപിക്കുന്നു.
കാഷ്യു കോര്‍പറേഷനിലെ തോട്ടണ്ടി- പരിപ്പ് ഇടപാടുകളില്‍ വന്‍ അഴിമതി നടക്കുന്നതായി സി എ ജി, ഇന്റലിജന്‍സ് ബ്യൂറോ, വിജിലന്‍സ് വിഭാഗം, വ്യവസായം, ധനകാര്യം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നത്. റീ സ്ട്രക്ചറല്‍ ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ (റിയാബ്) 2012 ജൂലൈ 17ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കാഷ്യു കോര്‍പറേഷനില്‍ നടന്ന അഴിമതി അക്കമിട്ട് നിരത്തിയിരുന്നു. അഴിമതി നടക്കുന്നതായി ഈ വകുപ്പുകളെല്ലാം ചൂണ്ടിക്കാട്ടിയിട്ടും ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോര്‍പറേഷനിലെ ഉന്നതരുടെ സ്വാധീനം മൂലമാണ് ഏറ്റവുമൊടുവില്‍ വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ അട്ടിമറിക്കപ്പെട്ടതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ തീരുമാനം ഈ അഴിമതിയില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ നാല് വര്‍ഷമായി കാഷ്യു കോര്‍പറേഷനില്‍ ഓഡിറ്റ് പോലും നടക്കുന്നില്ല. ഓഡിറ്റ് നടത്താന്‍ തയ്യാറായാല്‍ കോര്‍പറേഷന്റെ നഷ്ടം പുറംലോകം അറിയുമെന്നതിനാലാണിത്.
1970ല്‍ നിലവില്‍ വന്ന കാഷ്യു കോര്‍പറേഷന്റെ കീഴില്‍ 30 കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയില്‍ 24 ഉം ആലപ്പുഴ ജില്ലയില്‍ മൂന്നെണ്ണവും തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോന്ന് വീതവും. ഇതില്‍ ഭൂരിഭാഗം ഫാക്ടറികളും ശോച്യാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം അടക്കാനും കശുവണ്ടി വികസന കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതല ഏറ്റെടുത്ത് പിറ്റേദിവസം മുതലാണ് പി എഫ് വിഹിതം അടക്കാത്തതെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പി എഫ് അധികൃതര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തൊഴിലാളി വിഹിതം അടച്ചെങ്കിലും തൊഴിലുടമാ വിഹിതം ഇതുവരെ അടച്ചിട്ടില്ല. 30 കശുവണ്ടി ഫാക്ടറികളിലായി 18,000 തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതമാണ് അടക്കേണ്ടത്. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാര്‍ 38 കോടി രൂപയുടെ സാമ്പത്തിക സഹായം കാഷ്യു കോര്‍പറേഷന് നല്‍കിയിട്ടും പി എഫ് അടക്കാത്തത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതുമൂലം ഈ വര്‍ഷം ജനുവരി മുതല്‍ പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്ന തൊഴിലാളികളുടെ പെന്‍ഷന്‍ തുകയില്‍ കുറവുണ്ടായിട്ടുണ്ട്.
ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കാണ് ഈ ദുര്‍ഗതി. മാസത്തില്‍ അഞ്ച് ദിവസം പോലും കാഷ്യു കോര്‍പറേഷന്റെ ഓഫീസില്‍ കയറാത്ത ചെയര്‍മാന്‍ കോര്‍പറേഷന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. പ്രതിമാസം 30,000 രൂപയാണ് ഡീസല്‍ ചെലവായി മാത്രം കോര്‍പറേഷനില്‍ നിന്ന് വാങ്ങുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ പലതും നടക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്.
ജീവനക്കാരുടെ 2012 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള ഒമ്പത് മാസത്തെ ശമ്പള കുടിശ്ശികയും 2009 മുതല്‍ പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റിയും നല്‍കാന്‍ കോര്‍പറേഷന്‍ ഇതുവരെയും തയ്യാറായിട്ടില്ല. ആയിരം കോടി രൂപയിലധികം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സാമ്പത്തിക അച്ചടക്കമില്ലാത്തതാണ് കാഷ്യു കോര്‍പറേഷനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്നാണ് പൊതുവിലയിരുത്തല്‍.

---- facebook comment plugin here -----

Latest