Connect with us

Kerala

ഡാറ്റാ സെന്റര്‍ കേസ്: വി എസ് ഇന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

Published

|

Last Updated

തിരുവനന്തപുരം: ഡാറ്റ സെന്റര്‍ കേസില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിക്കും. സ്റ്റേറ്റ് ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ സി ബി ഐ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സാഹചര്യത്തിലാണ് കേസിലെ ഒന്‍പതാം എതിര്‍കക്ഷിയായ വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ തന്റെ നിലപാട് വിശദീകരിക്കുന്നത്.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സി-ഡാക്കിന് കീഴിലുള്ള ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയത്. കേസില്‍ നേരത്തെ സി ബി ഐ അന്വേഷണം നടത്തില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം വി വഹന്‍വതി കോടതിയെ അറിയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
സി ബി ഐ അന്വേഷണം വേണ്ടെന്ന തീരുമാനം കോടതിയെ അറിയിച്ച ശേഷം ഈ നിലപാട് മാറ്റിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന് വി എസ് ആവശ്യപ്പെടും. കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. സര്‍ക്കാറിന്റെ നിലപാട് മാറ്റത്തിന് കാരണമിതാണ്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഡാറ്റ സെന്റര്‍ നടത്തിപ്പ് കൈമാറിയത്. ഇതില്‍ യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വി എസ് ചൂണ്ടിക്കാട്ടും.
ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. കേസില്‍ വി എസ് അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ജോര്‍ജിന്റെ ആവശ്യം. അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചതോടെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.
സി ബി ഐ അന്വേഷണത്തിനെതിരെ ടി ജി നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മന്ത്രിസഭാ തീരുമാനം വരുന്നതിന് മുമ്പാണ് അഡ്വക്കറ്റ് ജനറല്‍ സി ബി ഐ അന്വേഷണത്തിന് സന്നദ്ധത അറിയിച്ചതെന്ന് നന്ദകുമാര്‍ വാദിച്ചു. എ ജിക്കെതിരെ സുപ്രീം കോടതി നിശിത വിമര്‍ശം നടത്തിയതോടെ സി ബി ഐ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ ഗുലാം വി വഹന്‍വതിയാണ് ഈ നിലപാട് കോടതിയെ അറിയിച്ചത്. ഈ തീരുമാനം സര്‍ക്കാറിലും മുന്നണിയിലും വന്‍ വിവാദത്തിന് തിരി കൊളുത്തിയതോടെയാണ് വീണ്ടും പഴയ നിലപാടിലേക്ക് മാറിയത്. കേസില്‍ ഇനി ഹാജരാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാകും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരാകുക.
കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ട് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. 2005 മുതല്‍ ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കിനും (സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) ടി സി എസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി) എന്ന സ്ഥാപനത്തിനുമായിരുന്നു. ഇതിനുശേഷമാണ് 5.9 കോടി രൂപക്ക് ഡാറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സ് സ്വന്തമാക്കിയത്. റിലയന്‍സിന് നല്‍കുന്നതിനായി ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയതായും യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു.
2008 ഏപ്രില്‍ 28നാണ് ചുമതല ഏല്‍പ്പിക്കാന്‍ അര്‍ഹരായവരില്‍ നിന്ന് പുതിയ ടെന്‍ഡര്‍ വിളച്ചത്. 2009ല്‍ ഈ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ പ്രെപ്പോസല്‍ ക്ഷണിച്ചു. നിശ്ചയിച്ച പ്രകാരം അവസാന തീയതി ആഗസ്റ്റ് 12 ആയിരുന്നുവെങ്കിലും വീണ്ടും നീട്ടി. ആദ്യ ടെന്‍ഡര്‍ അകാരണമായി റദ്ദാക്കിയാണ് 2009 ജൂലൈയില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ വെള്ളംചേര്‍ത്ത് രണ്ടാം ടെന്‍ഡര്‍ വിളിച്ചത്. റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമാണ് തീയതി നീട്ടിയതെന്നും ടി ജി നന്ദകുമാര്‍ ഇടനിലക്കാരനായി നിന്നാണ് ഇടപാട് നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.