Connect with us

Kerala

വില തോന്നിയ പോലെ; ഹോട്ടല്‍ ഭക്ഷണം പൊള്ളുന്നു

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഹോട്ടലുകളില്‍ ഭക്ഷണത്തിന് അന്യായ വില. ഭക്ഷണത്തിന്റെ വില നിലവാരം പുറത്ത് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ചിലര്‍ പാലിക്കുന്നുണ്ടെങ്കിലും തീവിലയാണ് ഈടാക്കുന്നത്. ഉടമകളുടെ മനോധര്‍മമനുസരിച്ച് തോന്നിയ വില നിശ്ചയിക്കുന്ന പ്രവണതക്ക് മാറ്റമില്ല. ഒരേ ആഹാര സാധനത്തിന് ഓരോയിടത്തും വ്യത്യസ്ത വിലയാണ്.
അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചു എന്ന പേരിലാണ് പലപ്പോഴും ഭക്ഷണത്തിന്റെ വിലയും വര്‍ധിപ്പിക്കുന്നത്. എന്നാല്‍, സാധനങ്ങളുടെ വില കുറഞ്ഞാലും കൂട്ടിയ വില കുറക്കാന്‍ ഹോട്ടലുടമകള്‍ തയ്യാറാകുന്നില്ല. തട്ടുകടകളുടെ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ചായക്ക് ഏഴും എട്ടും രൂപയാണ് ഈടാക്കുന്നത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വില ഈടാക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമെന്നതിന് ഇത് തന്നെ തെളിവ്. മാംസാഹാരങ്ങളുടെ വിലക്കാണ് കൈയും കണക്കുമില്ലാത്തത്.
ഹാട്ടലുകളിലെ വില നിയന്ത്രിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതാണ് ഉടമകളുടെ ആയുധം. വില വര്‍ധന ചോദ്യം ചെയ്താല്‍ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് പലപ്പോഴും മോശം പ്രതികരണമാണുണ്ടാകുന്നത്. പണം പോകുന്നതും അപമാനിക്കപ്പെടുന്നതും സഹിക്കേണ്ടി വരുന്നവര്‍ ഇത് ചോദ്യം ചെയ്യാന്‍ മുതിരാറില്ല. മാത്രമല്ല, വില വ്യത്യാസത്തെ കുറിച്ച് ആരോട് പരാതിപ്പെടണമെന്നതിലും ആര്‍ക്കും നിശ്ചയമില്ല. പരാതി സ്വീകരിച്ച് നടപടി എടുക്കാനുള്ള അധികാരം സിവില്‍ സപ്ലൈസിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ എന്നത് അധികൃതര്‍ക്കുതന്നെ നിശ്ചയമില്ല.
ഹോട്ടലുകളുടെ ഈ പകല്‍ക്കൊള്ളക്കെതിരെ അടുത്തിടെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. വില വര്‍ധന തടയാന്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു ജസ്റ്റിസ് എസ് സിരിജഗന്റെ നിര്‍ദേശം. തൃശൂര്‍ ഉപഭോക്തൃ കോടതിയുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനും കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയും തമ്മിലെ കേസ് തീര്‍പ്പാക്കിയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഒരേ നിലവാരമുള്ള ഹോട്ടലുകളില്‍ ഒരേ ഭക്ഷണത്തിന് പല തരം വിലയാണ്.
ഇത്രയും വില വാങ്ങി നല്‍കുന്ന ഭക്ഷണം വൃത്തിഹീനവും അണുവിമുക്തവുമല്ലാത്തതുമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നതില്‍ നിയമപരമായ അപര്യാപ്തത ഉണ്ടെന്നും ഹോട്ടല്‍ ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇത് ഇതുവരെ പ്രായോഗികമായിട്ടില്ല. ഏകീകൃത വില നിര്‍ണയത്തിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഹോട്ടല്‍ ലോബിയുടെ സമ്മര്‍ദത്താല്‍ അത് നിയമമാക്കാനുള്ള നടപടികള്‍ ഇഴയുകയാണ്.

Latest